ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനു രാജ്യത്തു പൊതുനയം വേണമെന്നും ആവശ്യം.അഡ്വ. ഗൗരവ് കുമാര്‍ ബന്‍സാലിന്റെ ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോ്ട്ടീസ് നല്‍കി.കോവിഡ് മരണങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു പൊതുനയമുണ്ടോ എന്നും ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) മാനദണ്ഡങ്ങള്‍ എന്താണെന്നും അറിയിക്കാന്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍. ഷാ എന്നിവരുടെ അവധിക്കാല ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എന്തെങ്കിലും നഷ്ടപരിഹാരമോ ആനുകൂല്യമോ നല്‍കാന്‍ തീരുമാനമുണ്ടായാല്‍ത്തന്നെ, മരണകാരണം കോവിഡാണെന്ന ഔദ്യോഗിക രേഖയില്ലെങ്കില്‍ ആശ്രിതര്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്നു കോടതി നിരീക്ഷിച്ചു.കോവിഡ് ബാധയെത്തുടര്‍ന്നു ശ്വാസകോശത്തില്‍ അണുബാധയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായാണു മരണം സംഭവിച്ചതെങ്കിലും പലപ്പോഴും കോവിഡിന്റെ കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താറില്ലെന്നു ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി.
ശ്വാസകോശരോഗമെന്നോ അണുബാധയെന്നോ ഒക്കെയാകും സര്‍ട്ടിഫിക്കറ്റിലുണ്ടാകുക, കോവിഡിനെപ്പറ്റി പരാമര്‍ശം പോലും ഉണ്ടാകില്ല. ഇതിനെന്താണു മാനദണ്ഡം? കോവിഡ് മരണങ്ങള്‍ എങ്ങനെ തിരിച്ചറിയും? നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമുണ്ടാകുന്നപക്ഷം, ആനുകൂല്യം ലഭിക്കാനായി ഇവരുടെ ബന്ധുക്കള്‍ക്ക് പരക്കംപായേണ്ടിവരുമെന്നും കോടതി പറഞ്ഞു. കേസ് ഇനി ജൂണ്‍ 11-നു പരിഗണിക്കും.

