ആലപ്പുഴ: കോവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്തും കാലവർഷം അടുത്തുവന്നതും പരിഗണിച്ച് ജില്ലയിൽ കോവിഡ് രോഗികളെ പ്രത്യേകം മാറ്റിപാർപ്പിക്കുന്നതിനുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡിസിസി) ദുരിതാശ്വാസ ക്യാമ്പുകളും പഞ്ചായത്ത് അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് സജ്ജമാക്കിവയ്ക്കാൻ മന്ത്രിമാരുടെ നിർദ്ദേശം. ജില്ലയിലെ കോവിഡ് സാഹചര്യവും കാലവർഷ മുന്നൊരുക്കപ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി മന്ത്രി പി. പ്രസാദും അടിയന്തരമായി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഒരു പഞ്ചായത്തിൽ കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഡിസിസികൾ അടിയന്തരമായി തയാറാക്കി റിപ്പോർട്ട് ചെയ്യണം. നിലവിൽ രോഗികളില്ല എന്ന സാഹചര്യം പരിഗണിക്കേണ്ടതില്ലെന്നും കാലവർഷക്കെടുതി മുൻകൂട്ടിക്കണ്ട് ഡിസിസികൾ തയാറാക്കാനാണ് സർക്കാർ നിർദ്ദേശമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ടുദിവസത്തിനകം ഇതിനുള്ള നടപടി പൂർത്തിയാക്കാനും നിർദ്ദേശിച്ചു.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളെ പ്രാദേശികമായി മൈക്രോ നിയന്ത്രണമേഖലകളായി പരിഗണിച്ച് സാധ്യമായ ഇളവുകൾ നൽകുന്നത് പരിഗണിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. രോഗത്തിന്റെ വ്യാപനവും സർക്കാർ നിർദ്ദേശങ്ങളും പരിഗണിച്ചേ ഇക്കാര്യം പരിഗണിക്കാനാവൂവെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയും കോവിഡ് വ്യാപനവും പ്രവർത്തനങ്ങളും വിലയിരുത്താൻ മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും എം.എൽ.എമാരുടെ സാന്നിധ്യത്തിൽ അടിയന്തരമായി അവലോകന യോഗം ചേരണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണം.
കഴിഞ്ഞ മഴക്കെടുതിയിൽ വീട് തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവർക്ക് നൽകാനുള്ള നഷ്ടപരിഹാര തുക സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കണക്കെടുപ്പിന്റെ നടപടിക്രമങ്ങൾ വൈകരുത്. നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി ചെയ്യണം. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ രണ്ടുദിവസത്തിനുള്ളിൽ അടിയന്തിരമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകണം. തദ്ദേശഭരണ സ്ഥാപനങ്ങൾ അഞ്ചു ദിവസത്തിനകം നഷ്ടത്തിന്റെ ശതമാനം കണക്കാക്കി തിരികെ റവന്യൂ വകുപ്പിന് ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ഇത് ലഭിച്ചാൽ ഉടൻ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കണക്കുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അടിയന്തര ഇടപെടൽ നടത്താനും മന്ത്രി നിർദ്ദേശം നൽകി.

