ആലപ്പുഴ : പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദിൽ നിന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സുധീഷ് പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന  കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക്, മരുന്ന്, ഭക്ഷണ വിതരണം, ബോധവൽക്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ കോവിഡ് വാർ റൂമും സജീവമാണ്. എല്ലാ വീടുകളിലും അണുനാശിനിയായി ഉപയോഗിക്കാവുന്ന ആയൂർവേദ പൊടിയും ഹോമിയോ മരുന്നുകളും വിതരണം ചെയ്തിട്ടുണ്ട്. വാർഡ് അംഗങ്ങൾ, ആശാ പ്രവർത്തകർ, വാർഡ്തല സമിതികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പഞ്ചായത്തിലെ 50 വീടുകൾ ഉൾക്കൊള്ളിച്ച് ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യപ്രവർത്തകർ, അധ്യാപകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണവും നടത്തുന്നുണ്ട്. ഇവർ അതാത് ക്ലസ്റ്റർ പരിധിയിലുള്ള വീടുകളുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ കൃത്യമായി പഞ്ചായത്തിനെ അറിയിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യും. ലോക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും കോവിഡ് രോഗികൾക്കും സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുന്നതിനായി ജനകീയ ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹ പരിചരണ കേന്ദ്രം ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പള്ളിപ്പുറം ഐഎച്ച്ആർഡി യിൽ  ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുള്ളതായി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് സുധീഷ് അറിയിച്ചു.പ്രതിരോധ സാമഗ്രികളുടെ വിതരണ ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ദേവാനന്ദ്, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →