അപൂർവ്വ ബന്ധവുമായി മലയാളത്തിലെ സൂപ്പർ സ്റ്റാർസ് – ഇച്ചാക്കയും ലാലുവും

മോഹൻലാലിൻറെ ഇച്ചാക്കയും മമ്മൂട്ടിയുടെ ലാലുവും മലയാളികളുടെ അഭിമാന താരങ്ങളാണ്. രണ്ട് സൂപ്പർസ്റ്റാറുകൾ തമ്മിലുള്ള ബന്ധം രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല.

ഇരുവരുടെയും ആരാധകർ തമ്മിൽ പോർവിളികളും മത്സരബുദ്ധിയും ഒക്കെ മുറുകുമ്പോഴും മമ്മുട്ടിക്ക് മോഹൻലാൽ ലാലുവും മോഹൻലാലിന് മമ്മുട്ടി ഇച്ചാക്കയും ആണ് . ഈ സൗഹൃദ ബന്ധം അവരിൽ നിന്നും മക്കളിലേക്കും കുടുംബത്തിലേക്കും വളർന്ന ഒരു അപൂർവ്വ ബന്ധമാണിന്ന്. ജന്മദിനങ്ങളും വിവാഹ വാർഷികവുമൊക്കെ പരസ്പരം ആശംസിക്കാൻ ഇരുവരും മറക്കാറില്ല.

പ്രണവ് മോഹൻലാലിന്റെ സിനിമ അരങ്ങേറ്റത്തിന് ആശംസകൾ നേരുന്ന മമ്മൂട്ടിയെയും വിസ്മയ മോഹൻലാലിന്റെ ആദ്യ പുസ്തകത്തിന് ആശംസകൾ നേർന്ന് കൊണ്ടുള്ള ദുൽക്കറിന്റെ കുറിപ്പും മോഹൻലാലിന്റെ അറുപതാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച വൈകാരികമായ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ തന്റെ ലാലുവിന്റെ അറുപത്തിയൊന്നാം ജന്മദിനത്തിൽ പതിവുപോലെ ആശംസകളുമായി ഇച്ചാക്ക എത്തിയിരിക്കുന്നു. പ്രിയപ്പെട്ട ലാലിന് ആശംസകൾ എന്നാണ് മമ്മൂട്ടി തന്റ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളെ എന്റർടെയിൻ ചെയ്യാനും വിസ്മയിപ്പിക്കാനും ഹൃദയം കീഴടക്കാനും ഇനിയും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ദുൽഖർ സൽമാനും പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേർന്നു.

തിരനോട്ടത്തിലൂടെ വന്ന് മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെ നാലുപതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമ സ്വപ്നങ്ങൾക്ക് അ ഭാവവും രൂപവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ . മമ്മൂട്ടിയെയും മോഹൻലാലിനെയും ചുറ്റിപ്പറ്റിയാണ് ഏറെനാളായി മലയാളസിനിമയുടെ സഞ്ചാരവും .

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയുള്ള താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തുന്ന വേദികളും ഇരുവരുടെയും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും ഈ താരരാജാക്കന്മാരുടെ ആരാധകർക്ക് എന്നും ഉത്സവപ്രതീതി സമ്മാനിക്കുന്ന കാഴ്ച തന്നെയാണ്.

നാലുപതിറ്റാണ്ടിലേറെയായി മലയാള സിനിമ ആസ്വാദകരുടെ മനസ്സിലും അഭ്രപാളികളിലും പകരക്കാരില്ലാത്ത രീതിയിൽ ഇരിപ്പുറപ്പിച്ച വരാണ് ഈ നടന വിസ്മയങ്ങൾ .പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി അതിഥിയായെത്തിയപ്പോഴൊക്കെ ബോക്സ് ഓഫീസ് അടിമുടി കുലുങ്ങിയിട്ടുണ്ട്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് മുതൽ നരസിംഹം വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്.

മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥി കൂടിയാണ് മമ്മൂട്ടി . മമ്മൂട്ടി അധികാരത്തിലെത്തിയ എല്ലാ മോഹൻലാൽ ചിത്രങ്ങളും വിജയിച്ച ചരിത്രമാണുള്ളത്. ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ഒടിയനിൽ മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം മാത്രമാണെങ്കിൽ പോലും അതിന് ഉദാഹരണമാണ്.

പ്രേംനസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്തു മലയാളസിനിമയെ നാലുപതിറ്റാണ്ടിലേറെയായി മുന്നോട്ടു നയിക്കുന്ന ഈ താരങ്ങൾ ദൃഢമായ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നീലൻ ഉണ്ടായതുകൊണ്ട് മാത്രമാണ് മുണ്ടക്കൽ ശേഖരൻ ഉണ്ടായതെന്ന് രഞ്ജിത്ത് ചിത്രം രാവണപ്രഭുവിലെ നെപ്പോളിയൻ കഥാപാത്രത്തിന്റ തിരിച്ചറിവ് പോലെ ഒരു പരസ്പര പൂരകമായ ദ്വന്ദമാണത്. ഏട്ടൻ, ഇക്കാ, എന്ന് ഇരുവരുടെയും ഫാൻസുകൾ പോർവിളികൾ നടത്താറുണ്ടെങ്കിലും അതിനുമപ്പുറം ആണ് ഇരുവരുടെയും തമ്മിലുള്ള സൗഹൃദം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →