തിരുവനന്തപുരം: കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ പി.സി ചാക്കോയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ചാക്കോയെ, അധ്യക്ഷനാക്കാനുള്ള നിർദേശത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ 19/05/21 ബുധനാഴ്ച അംഗീകാരം നൽകി.
ടി.പി പീതാംബരൻ മാസ്റ്റർക്ക് പകരക്കാരനായാണ് ചാക്കോയെത്തുന്നത്. എൻ.സി.പിയിലെ ഒരുവിഭാഗം പീതാംബരൻ മാസ്റ്ററെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻ.സി.പിയിലെ നേതൃമാറ്റം.
രണ്ടാം പിണറായി മന്ത്രിസഭയിൽ വകുപ്പ് മാറിയതിൽ അതൃപ്തിയില്ലെന്ന് ചാക്കോ പ്രതികരിച്ചു. ഏറെ പ്രാധാന്യമുള്ള വകുപ്പാണ് വനമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷവും എ.കെ ശശീന്ദ്രൻ തന്നെയായിരിക്കും മന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാണി.സി കാപ്പനെ എൻ.സി.പിയിൽ തിരിച്ചെടുക്കുന്നതിൽ ചർച്ചയുണ്ടാവില്ല. പാർട്ടിക്ക് വിരുദ്ധമായ നിലപാടെടുത്ത നേതാവാണ് മാണി.സി കാപ്പനെന്നും അദ്ദേഹം പറഞ്ഞു.