കൊട്ടാരക്കര: കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയുടെ ഒന്നാം ടേമിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ കുടുംബ വഴക്കെന്ന് സൂചന. ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് 17/05/21 തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. രേഖകളില്‍ ഗണേഷ് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആര്‍ ബാലകൃഷ്പിള്ളയുടെ വില്‍പത്ര വിവാദത്തില്‍ കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്തുവന്നു. ഗണേഷ് കുമാര്‍ വില്‍പത്രത്തില്‍ കൃതിമത്വം കാണിച്ചിട്ടില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രമെഴുതിയതെന്നും ബിന്ദു പറയുന്നു. അച്ഛന്‍ മരിച്ചിട്ട് കുറച്ച് ദിവസം മാത്രമായിരിക്കെ നടക്കുന്ന വിവാദങ്ങള്‍ വിഷമമുണ്ടാക്കുന്നുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
അതേസമയം, പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.
മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായത്. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തര്‍ക്കങ്ങളാണ് അന്ന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.