കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്ത്. സംസ്ഥാനത്ത് സത് ഭരണമുണ്ടാകാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ മാറ്റണമെന്നാണ് മമതയുടെ ആവശ്യം. നാരദാ കൈക്കൂലിക്കേസില്‍ രണ്ടു മന്ത്രിമാരുള്‍പ്പെടെ നാലു നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു മമതയുടെ നീക്കം. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, തൃണമൂല്‍ എം.എല്‍.എ. മദന്‍മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് കഴിഞ്ഞ ദിവസം സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ ഗവര്‍ണര്‍ ഈ മാസമാദ്യം അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിയമസഭാംഗങ്ങള്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കേണ്ടത് സ്പീക്കറാണ്. ഇതു മറികടന്നാണ് സി.ബി.ഐയുടെ അപേക്ഷയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇതോടെയാണ് ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. സംസ്ഥാനത്തെ ക്രമസമാധാനനില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അതിശയോക്തിപരമായ റിപ്പോര്‍ട്ടാണു ഗവര്‍ണര്‍ നല്‍കുന്നതെന്നും കത്തില്‍ മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.
ബംഗാള്‍ ഗവര്‍ണറെ മാറ്റണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മമതയുടെ കത്ത്
