കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ

കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാവുകയാണു പതിവ്. എന്നാല്‍, ചില ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം. ഇവിടങ്ങളില്‍ ഇവര്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നതാണ്. കോവിഡ് രോഗം മാറിയാലും തുടരുന്ന ആരോഗ്യപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ചിലരില്‍ താല്‍ക്കാലികവും മറ്റുചിലരില്‍ ദീര്‍ഘകാലവും തുടരുന്ന അസ്വാസ്ഥ്യങ്ങള്‍ കുറച്ചുപേരിലെങ്കിലും അപകടകരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകാം.

എന്തൊക്കെയാണ് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍?
വിട്ടുമാറാത്ത ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ചുമ, ശരീരവേദന, തലവേദന, മാനസിക സംഘര്‍ഷം, വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് സാധാരണയായി കണ്ടുവരുന്നത്. ഇവയില്‍ ചിലത് തീരെ നിസ്സാരവും കുറച്ചുദിവസം കഴിയുമ്പോള്‍ തനിയേ സുഖപ്പെടുന്നതുമാണെങ്കില്‍ മറ്റു ചിലത് വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമാവാം. ശരീരത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ് വര്‍ധിപ്പിക്കുന്നതായും പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതായും നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രാരംഭ ലക്ഷണങ്ങള്‍ ഭേദമായശേഷവും ഇതേ പ്രശ്‌നം ചിലപ്പോള്‍ സംഭവിക്കാം. ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ തടസ്സം ഉണ്ടാക്കുന്ന പള്‍മണറി എമ്പോളിസം, അപൂര്‍വമായി ഉണ്ടാവുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും ലോങ് കോവിഡിന്റെ ഭാഗമായി കണ്ടേക്കാം.

അപകടകരമാവാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നമാണ് കോവിഡ് കാരണം ഹൃദയപേശികളില്‍ വരാന്‍ സാധ്യതയുള്ള ബലക്ഷയം. ശ്വാസംമുട്ടല്‍ മുതല്‍ ഹൃദയസ്പന്ദന നിരക്കിലെ വ്യതിയാനം വരെ ഇതുമൂലം ഉണ്ടാകാം. ശ്വാസകോശങ്ങളില്‍ കോവിഡ് വരുത്തിവച്ച തകരാറുകള്‍ സ്ഥായിയായ രൂപമാറ്റത്തില്‍ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസ്. ഇതേത്തുടര്‍ന്ന് നടക്കുമ്പോള്‍ കിതപ്പ് മുതല്‍ ഓക്‌സിജന്‍ ചികിത്സ ഇല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായെന്നുവരും. കോവിഡ് വന്ന പല പ്രമേഹരോഗികള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്. നേരത്തെ പ്രമേഹം ഇല്ലാതിരുന്നവരിലും രക്തത്തില്‍ പഞ്ചസാര കൂടാം. ഇവരുടെ ഷുഗറിന്റെ അളവ് കോവിഡ് മുക്തമായശേഷവും നിയന്ത്രണമില്ലാതെ തുടരുന്നതായി കാണപ്പെടുന്നുണ്ട്.

കൊറോണ രണ്ടാം തരംഗവും അതുണ്ടാക്കുന്ന പ്രയാസങ്ങളും ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇതില്‍ ഏറ്റവും ഒടുവിലായി സ്ഥിരീകരിക്കപ്പെട്ട സംഗതിയാണ് കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍. കോവിഡ് വന്ന ആളുകളില്‍ 10 ശതമാനം പേര്‍ക്ക് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ നാട്ടിലും കോവിഡ് മുക്തമായ പലരും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ ക്ഷീണം മുതല്‍ ഓക്‌സിജന്‍ ചികിത്സ കൂടാതെ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത ശ്വാസകോശരോഗം വരെ ഇതിലുള്‍പ്പെടുന്നു.

കോവിഡിന്റെ തീവ്രത പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് സ്രവം പരിശോധിച്ചപ്പോള്‍ കിട്ടിയ ഒരു പോസിറ്റീവ് ഫലം മാത്രം ആണെങ്കില്‍ ചിലര്‍ക്ക് അതു മരണവുമായുള്ള തീവ്രപോരാട്ടം തന്നെ ആയിരുന്നു. പലരും ഒരു പ്രശ്‌നവുമില്ലാതെ വീട്ടില്‍ വിശ്രമിച്ചപ്പോള്‍ ചിലര്‍ അത്യാസന്ന വിഭാഗത്തില്‍ ശ്വാസമെടുക്കാന്‍ വെന്റിലേറ്റര്‍ സഹായം തേടുകയായിരുന്നു. അതുകൊണ്ടുതന്നെ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും പല രീതിയിലായിരിക്കും അനുഭവപ്പെടുക. നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കോവിഡിന്റെ മാത്രം പ്രത്യേകതയല്ല, മറ്റ് അണുബാധകള്‍ക്കും ഇങ്ങനെ കണ്ടുവരാറുണ്ട്.

രോഗമുക്തിക്കുശേഷം പലവിധ ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. പലരും മാസങ്ങള്‍ക്കുശേഷമാണ് പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെവരുന്നത്. കോവിഡിനെ വ്യത്യസ്തമാക്കുന്ന ഘടകം വലിയ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കാതെ ചെറിയൊരു പനിയോ ചുമയോ വന്ന് സുഖംപ്രാപിച്ച് ചിലരില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതാണ്. ഗുരുതരമായി രോഗം വന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരക്കാരുടെ എണ്ണം കുറവാണെങ്കിലും നിസ്സാരമെന്നു പറഞ്ഞ് തള്ളിക്കളയാന്‍ കഴിയാത്ത തരത്തില്‍ ആളുകളില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്.

കൊറോണ അണുബാധ ഉണ്ടായ ബഹുഭൂരിപക്ഷം ആളുകളുടെയും രോഗലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാകുന്നു. മറ്റ് ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നേക്കാം. മൂന്നാഴ്ചയില്‍ കൂടുതല്‍ നിണ്ടുനില്‍ക്കുന്നവയെ ലോങ് കോവിഡ് എന്നു വിളിക്കുന്നു. അവരില്‍തന്നെ ലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ 12 ആഴ്ച വരെ നീണ്ടുനില്‍ക്കുന്നവരെ പോസ്റ്റ് അക്യൂട്ട് കോവിഡ് എന്നും 12 ആഴ്ചയ്ക്കു ശേഷവും പ്രശ്‌നം തുടരുന്നുവെങ്കില്‍ ക്രോണിക് എന്നും തരംതിരിക്കുന്നു.

കോവിഡ് അണുബാധയുണ്ടാകുന്ന 80 മുതല്‍ 85 ശതമാനം വരെ ആളുകളില്‍ ചെറിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടശേഷം സുഖം പ്രാപിക്കുകയാണു പതിവ്. ലക്ഷണങ്ങള്‍ ഉള്ളവരില്‍ രണ്ടുമുതല്‍ മൂന്നുവരെ ആഴ്ച കൊണ്ട് പൂര്‍ണമായി സുഖം പ്രാപിക്കേണ്ടതാണ്. ഈ സമയം കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ലോങ് കോവിഡ് പ്രശ്‌നങ്ങളായി കണക്കാക്കണം. ഇത് വരാനിരിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയാവാം. ഇത് തിരിച്ചറിയാന്‍ വിദഗ്ധ സഹായം തേടുന്നാണു നല്ലത്. വിശ്രമസമയവും ചെറിയ വ്യായാമശേഷവുമുള്ള ശരീരത്തിലെ ഓക്‌സിജന്റെ അളവ്, ഹിമോഗ്ലോബിന്‍, നെഞ്ചിന്റെ എക്‌സ് റേ, ഇസിജി, സ്‌കാനിങ്, രക്തം കട്ടപിടിച്ചിട്ടുണ്ടാവാനുള്ള സാധ്യത ഇവ പരിശോധിച്ചറിയുന്ന ഡി ഡൈമര്‍, സിആര്‍പി പോലെയുള്ള ടെസ്റ്റുകള്‍ നടത്തി ഇവ നേരത്തെ തിരിച്ചറിയാന്‍ കഴിയും.

സാധാരണ ജീവിതരീതികളില്‍നിന്ന് പൂര്‍ണമായി മാറിപ്പോയ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് ചികിത്സയിലെ പ്രധാന ഭാഗം. അവരുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ കരുത്തു പകരുന്ന പുനരധിവാസ ചികിത്സയാണ് ആവശ്യം. അതില്‍ ആദ്യം ചെയ്യേണ്ടത് ശ്വാസകോശങ്ങളുടെ പുനക്രമീകരണമാണ്. ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ ബാധയാല്‍ കോവിഡ് വന്ന് സുഖപ്പെട്ട ചിലരില്‍ ശ്വാസകോശത്തിന്റെ ഇലാസ്തികതയില്‍ കുറവു സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ഔഷധത്തോടൊപ്പം ശ്വസന വ്യായാമങ്ങളും ആവശ്യമായിവരും. ഇതേപോലെ ശരീരത്തിലെ മറ്റു പേശികളെയും ചിട്ടയോടെയുള്ള വ്യായാമമുറകള്‍കൊണ്ട് ശക്തിപ്പെടുത്തിയെടുക്കേണ്ടി വരും. രക്തം കട്ടപിടിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് മരുന്നുകൊണ്ടുള്ള ചികിത്സയും ആവശ്യമാണ്. ശാരീരിക പ്രശ്‌നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കൗണ്‍സലിങ് പോലെയുള്ള മാര്‍ഗങ്ങളും ആവശ്യമായിവന്നാല്‍ മരുന്നുകളും നല്‍കേണ്ടിവരും.

Share

About തോമസ് ജോസഫ്‌

View all posts by തോമസ് ജോസഫ്‌ →