കട്ടപ്പന: ലോക്ക്ഡൗണില്‍ സഹായ ഹസ്തവുമായി നഗരസഭ കൗണ്‍സിലര്‍ രജിതാ രമേഷ് വീട്ടുമുറ്റത്ത്. ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെയും കോവിഡ് പോസിറ്റീവായവരേയും തേടിയാണ് യാത്ര. ആവശ്യക്കാര്‍ക്ക് അവര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. നിരവധി വീടുകളില്‍ ഇതിനോടകം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. സ്വന്തം കയ്യില്‍നിന്നുളളതുകൂടാതെ സുമനസുകളുടെ സഹായവും ഇതിന്റെ പിന്നിലുണ്ട്. കട്ടപ്പന നഗരസഭ 29-ാം വാര്‍ഡിലെ ബിജെപി കൗണ്‍സിലറാണ് രജിത രമേഷ്.
സ്വന്തം കാറിന്റെ ഡിക്കി നിറയെ ഭക്ഷ്യ കിറ്റുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന രജിത കോവിഡ് പോസിറ്റീവായവരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും കണ്ടെത്തിയാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഭര്‍ത്താവും നഗരസഭ മുന്‍ കൗണ്‍സിലറുമായ രമേശ് എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ട്. കട്ടപ്പന ചിരിക്ലബ്ബും, വലിയകണ്ടം റസിഡന്‍സ് അസോസിയേഷനും ഇവരോടൊപ്പം ഉണ്ടായിരുന്നതായി രജിത പറഞ്ഞു.
ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് എപ്പോഴും താനുമായി ബന്ധപ്പെടാവുന്നതാണെന്നും, അവരുടെ ആവശ്യങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും രജിത രമേശ് പറഞ്ഞു.



