കോഴിക്കോട്: മധ്യകിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മെയ് 16 ന് പുലർച്ചെ 02.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥനിലെ കറാച്ചിയില്‍ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിലാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടേ എത്തിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 16/05/21 ഞായറാഴ്ച) രാവിലത്തെ അറിയിപ്പനുസരിച്ച് 12 മണിക്കൂറിനുളളില്‍ തീവ്ര ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 നും തുടരുമെന്നതിനാല്‍ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഞായറാഴ്ച പകലും തുടരും.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിരീക്ഷിച്ചു വരികയാണ്.

