മഹാമാരിക്കാലത്ത് ഒളിമ്പിക്‌സ് വേണ്ട: മൂന്നര ലക്ഷം പേരുടെ ഭീമ ഹര്‍ജി

ടോക്കിയോ: കോവിഡ് മഹാമാരിക്കാലത്ത് ഒളിമ്പിക്സ് നടത്തുന്നതിനെതിരേ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കു 3,50,000 പേരുടെ ഭീമ ഹര്‍ജി.ഒളിമ്പിക്സിന് 10 ആഴ്ച ശേഷിക്കുമ്പോഴാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒളിമ്പിക്സ് സുരക്ഷിതമായി നടത്തുന്നതിന് പ്രധാന വേദി ടോക്കിയോയിലും ഒസാക്ക, വടക്കന്‍ ഹൊക്കെയ്ഡോ എന്നീ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മാരത്തണ്‍ മത്സരങ്ങളുടെ വേദി ഹൊക്കെയ്ഡോയിലാണ്. കെന്‍ജി ഉത്സുനോമിയ എന്ന അഭിഭാഷകന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് ഒളിമ്പിക്സിനെതിരേ ഹര്‍ജി നല്‍കിയത്. ടോക്കിയോ ഗവര്‍ണര്‍ സ്ഥാനത്തേക്കു പലവട്ടം മത്സരിച്ചയാളാണു കെന്‍ജി ഉത്സുനോമിയ. പ്രചാരണം തുടങ്ങി ഒരു ദിവസം പിന്നിടും മുമ്പ് 50,000 പേര്‍ ഒപ്പിട്ടതായി കെന്‍ജി അവകാശപ്പെട്ടു.അതേസമയം, സുരക്ഷിതമായ സാഹചര്യത്തിലാണു മത്സരങ്ങള്‍ നടക്കുകയെന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ സംഘാടക സമിതിയും അവകാശപ്പെട്ടു. 17 നു ഹിരോഷിമയിലെ ദീപശിഖാ പ്രയാണത്തില്‍ ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഷ് പങ്കെടുക്കുമെന്നാണു കരുതുന്നത്. ഒളിമ്പിക്സ് സുരക്ഷിതമായി നടത്താനാകുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയും സംഘാടക സമിതി അധ്യക്ഷന്‍ സെയ്കോ ഹാഷിമോട്ടോയും ആവര്‍ത്തിച്ചു.അതിനിടെ ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ട എട്ടു പേര്‍ക്ക് കോവിഡ് ബാധിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. ഒളിമ്പിക്സ് നടത്തുന്നതിനെതിരേ ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടനയും എതിര്‍പ്പ് പ്രകടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →