തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചയും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക്. നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന സിപിഐ നിലപാട് സിപിഎം അംഗീകരിച്ചു.14/05/21 വെള്ളിയാഴ്ച എ കെ ജി സെന്ററിൽ സിപിഎം – സിപിഐ നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
നിലവിലുള്ള ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാമെന്നു സിപിഐ അംഗീകരിച്ച സാഹചര്യത്തില്‍ വകുപ്പുകളെ സംബന്ധിച്ച് 15/05/21 ശനിയാഴ്ച തീരുമാനമുണ്ടാകും. റവന്യു, ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സിപിഐ തന്നെ കൈകാര്യം ചെയ്യും.
ജനാധിപത്യ കേരള കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസ്- ബിക്കും മന്ത്രിസ്ഥാനം നല്കാന് തീരുമാനമായി. എന്നാല്‍ വകുപ്പു സംബന്ധിച്ച തീരുമാനമായിട്ടില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന അഭിപ്രായം ഐഎന്എലിനോട് സിപിഎം നിര്‍ദേശിച്ചെങ്കിലും ഐഎൻഎൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ജനതാദള്‍ -എസിനും എന്‍സിപിക്കും മന്ത്രിസ്ഥാനം ലഭിക്കും. എന്നാല്‍, വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും.
മന്ത്രിമാരെ മെയ് 17 നു തന്നെ തീരുമാനിക്കണമെന്ന നിര്‍ദേശമാണു പാര്‍ട്ടികള്‍ക്കു സിപിഎം നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ്-എസിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം രാമചന്ദ്രന് കടന്നപ്പള്ളിയെ സിപിഎം നേതാക്കള്‍ അറിയിച്ചു.

