ടോക്യോ: ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്‍. ജപ്പാനില്‍ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നടപടി ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുക.വിലക്ക് നീണ്ടാല്‍ താരങ്ങളെ പങ്കെടുപ്പിക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടി വരും.താല്‍ക്കാലിക വിലക്കെന്ന് പറയുമ്പോഴും വിലക്ക് എപ്പോള്‍ പിന്‍വലിക്കുമെന്ന് പറയാനാകാത്ത സാഹചര്യമാണുള്ളത്. വിലക്ക് നീണ്ടാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജപ്പാനില്‍ മത്സരിക്കാനാകില്ല. പാക്കിസ്ഥാനും നേപ്പാളും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് മുന്നില്‍ പോംവഴി ജപ്പാന്‍ റെഡ് സോണില്‍ പെടുത്താത്ത രാജ്യങ്ങളിലൊന്നില്‍ താരങ്ങളെയെല്ലാം ഒരു മാസം മുന്‍പെങ്കിലും എത്തിക്കുക എന്നതാണ്. അവിടെ നിന്ന് പോവുമ്പോള്‍ ജപ്പാനില്‍ നേരത്തെ നിശ്ചയിച്ച 14 ദിവസത്തെ ക്വറന്റീന്‍ മാത്രം മതിയാവും. പക്ഷെ പല ഫെഡറേഷനുകള്‍ക്ക് കീഴില്‍ പലയിടങ്ങളില്‍ പരിശീലിക്കുന്ന 100ലേറെ താരങ്ങളെ ഒന്നിച്ച് കൊണ്ടു വരണം. ചില താരങ്ങള്‍ വിദേശത്ത് പരിശീലന മത്സരങ്ങളിലുമാണ്. കൊവിഡ് കാലത്തെ ഒളിമ്പിക്‌സിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം കനക്കുന്നതിനിടെയാണ്, ജപ്പാന്‍ ഇന്ത്യയടക്കം രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത്. കൊവിഡ് ഇന്ത്യന്‍ വകഭേദം ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍ പൗരന്മാരുടെ സുരക്ഷ പരിഗണിച്ചാണ് ഇന്ത്യയില്‍ നിന്നുള്ളവരെ തടഞ്ഞു കൊണ്ടുള്ള ജപ്പാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവ്.

