തൃശ്ശൂർ: ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി ജില്ലാ ഹോമിയോപ്പതി വിഭാഗം. സദ്ഗമയ എന്ന പദ്ധതിയിലൂടെ ഈ വിഭാഗക്കാരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യം, പഠന വൈകല്യം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സദ്ഗമയ ആശുപത്രി ഒ പിക്ക് പുറമെയാണ് ടെലി കൗൺസിലിങ് നടത്തുന്നത്. കൗൺസിലിങിനായി തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ 0487 2389061 എന്ന നമ്പറിൽ വിളിക്കാം. ഡോക്ടർ നൽകുന്ന നിർദ്ദേശമനുസരിച്ചുള്ള മരുന്നുകൾ അടുത്തുള്ള ഹോമിയോ ഡിസ്‌പെൻസറികളിൽ നിന്നും വാങ്ങുന്നതിനുള്ള സൗകര്യവും ടെലി കൗൺസിലിങിന്റെ ഭാഗമായൊരുക്കുന്നു. ആറ് ഡോക്ടർമാരും ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുമടങ്ങുന്ന സംഘമാണ് സദ്ഗമയക്കായി പ്രവർത്തിക്കുന്നത്.