മോഹൻലാലിനെയും മമ്മൂട്ടിയെയും ആസ്ഥാനത്തേക്ക് വളരാൻ സഹായിച്ചവരിൽ ഏറ്റവും പ്രധാനിയായിരുന്നു ഡെന്നിസ് ജോസഫ്. മോഹൻലാലിന് നായകവേഷം നൽകിയതും, മമ്മൂട്ടിയെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയതും ഡെന്നീസ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെക്കാളും ടെന്നീസിന്റെ വേർപാട് മമ്മൂട്ടിയെയും മോഹൻലാലിനെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.
ഒരുപാട് കഥകൾ ബാക്കിയാക്കിയാണ് ഡെന്നീസ് ഒരിക്കലും തിരിച്ച് വരാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായത്. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ഡെന്നീസ് ജോസഫ് ഒരുങ്ങിയതായിരുന്നു. പക്ഷേ അത് നടന്നില്ല എന്നും ഒരു കാലത്ത് മലയാള സിനിമയെ നയിച്ച എഴുത്തുകാരനാണ് നഷ്ടമാകുന്നത് എന്നും ഒരു ഫോൺകോളിന് അപ്പുറം വേണ്ടപ്പെട്ട ഒരാൾ ഇല്ലാതായി പോകുന്നത് വല്ലാത്തൊരു ഞെട്ടലാണ് എന്നും ഇത് തീരെ പ്രതീക്ഷിക്കാത്ത ഒരു യാത്രയാണ് എന്നുമാണ് മോഹൻലാൽ മനോരമയോട് പ്രതികരിക്കുന്നത്.
രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രം ആവേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി സമ്മതിക്കാത്തതിനെ തുടർന്നാണ് ചിത്രം മോഹൻലാലിന് വഴിമാറിയത്. മമ്മൂട്ടിയുടെ ഒരു നോ എന്ന വാക്കായിരുന്നു അക്ഷരാർത്ഥത്തിൽ മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന്റെ ഉദയത്തിന് കാരണമായതെന്ന് പറയാം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് ഡെന്നീസ് യാത്രയായത്.

