പ്രതിദിനം സംസ്കരിക്കുന്നത് ശരാശരി 20 കോവിഡ് മൃതദേഹങ്ങൾ, തിരുവനന്തപുരം ശാന്തി കവാടത്തില്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോർപ്പറേഷൻ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തിൽ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വി.കെ.പ്രശാന്ത് എംഎല്‍എ. ശ്മശാനം കോവിഡ് മരണങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചനയിലെന്നും എം എൽ എ 05/05/21 വ്യാഴാഴ്ച പറഞ്ഞു.

ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട് സംസ്കരിക്കുന്നത്. ശാന്തികവാടത്തിൽ 07/05/21വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് വ്യാഴാഴ്ച രാവിലെ തന്നെ പൂർത്തിയായിക്കഴിഞ്ഞു. പ്രതിദിനം 24 മൃതദേഹങ്ങൾ വരെയാണ് തൈക്കാട് ശാന്തികവാടത്തിൽ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളിൽ ഇതിൽ കൂടുതൽ മൃതദേഹങ്ങൾ എത്തും. അതിനാൽ സംസ്കാരത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.

കോവിഡ് ഇതര മൃതദേഹങ്ങൾ വിറകുചിതയിലും കോവിഡ് മൃതദേഹങ്ങൾ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തിൽ സംസ്കരിക്കുന്നത്.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫർണസുകളും പുതുതായി നിർമിച്ച രണ്ട് ഗ്യാസ് ഫർണസുകളുമാണുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകുചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. വ്യാഴാഴ്ച മുതൽ വിറകുചിതകൾ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്കാരത്തിന് ഉപയോഗിക്കും. ഇത് മറ്റ് മൃതദേഹങ്ങളുടെ സംസ്കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തിൽ കോർപ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →