കോഴിക്കോട്: രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ഷമീര്‍. രോഗം ബാധിച്ച് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ മുഖ്യമന്ത്രി തന്നെ നേരിട്ടുവിളിച്ച് സുഖ വിവരം അന്വേഷിച്ചതിനെക്കുറിച്ച് ഡോക്ടര്‍ ഷെമീര്‍ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു: ” ജീവിതത്തില്‍ കോവിഡിന്റെ ഒരു സ്‌പെഷ്യല്‍ എപിസോഡ്‌കൂടി കടന്നുപോവുകയാണ്. ഒന്നരവര്‍ഷമായി ഒപ്പമുളള യാത്രയില്‍ ഈ വൈറസ് കുറച്ചൊന്നുമല്ല പരീക്ഷിച്ചത്, കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്, തരംഗങ്ങള്‍ പോലെ കൃത്യമായി ഒരുകയറ്റത്തിന് ഒരു ഇറക്കമെന്ന താളത്തില്‍ ജീവിതത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു കോവിഡിന്റെ യാത്ര. ബാക്കിവച്ച ഒന്നുണ്ടായിരുന്നു.സ്വയം രോഗിയാവുക എന്നത്. അതും പൂര്‍ത്തിയാക്കുകയാണ്.
ഇത്രയും കാലത്തെ സഹവാസത്തിന് ശേഷം വൈറസ് അതിലും വിജയം കണ്ടു. രണ്ടാം തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയ ദിവസങ്ങളുടെ തുടക്കത്തില്‍ പുതിയൊരു കെട്ടിടം കോവിഡ് ആശുപത്രിയാക്കാനുിളള കഠിന പ്രയത്‌നത്തിലായിരുന്നു. ആദ്യം പനികാണിക്കുന്നത് മകന്‍. അന്നുതന്നെ ചെയ്‌ത ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ്. അടുത്ത ദിവസമായപ്പോഴേക്കും ഓരോരുത്തര്‍ക്കായി നല്ല ശരീരവേദന, ക്ഷീണം. വീട്ടില്‍ ബാക്കിയുളള 5 പേരും ടെസ്റ്റ് ചെയ്‌തു. എല്ലാവരും പോസിറ്റീവ്. വീട്ടിലേക്കുളള വൈറസിന്റെ വഴി ഇപ്പോഴും കൃത്യമായി അറിയില്ല. പുറത്തുപോകുന്നത് മൂന്നുപേരാണ്. എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍. വാക്‌സിന്‍ എടുത്താലും കോവിഡ് കിട്ടാമെന്നും മറ്റുളളവര്‍ക്ക് കൊടുക്കാമെന്നും ഇനി മറ്റൊരു തെളിവ് വേണ്ട. ചിലപ്പോള്‍ വാക്‌സിന്‍ എടുത്തതിന്റെ അമിതമായ ആത്മ വിശ്വാസമായിരിക്കാം പണിപറ്റിച്ചത്.”
“മൂന്നുനാല് ദിവസത്തിനകം എല്ലാം നിലംപരിശായി. ഏറ്റവും ക്ഷീണം എനിക്കും ഭാര്യക്കും കട്ടിലില്‍ കിടന്ന് ദയനീയമായി ഭാര്യ എന്നെ നോക്കി. അല്ല എന്റെ കോവിഡ് ഇങ്ങനെയല്ല ഞാന്‍ മാസ്‌ക് താഴ്‌ത്തിയിട്ടേയില്ല. ഞാന്‍ ആണയിട്ടുപറഞ്ഞു. പിന്നീടുളള ദിവസങ്ങള്‍ ഗംഭീരമായ ക്ഷീണത്തിന്റെയായിരുന്നു. ഒരു മല്ലനുമായി ഗുസ്‌തി കഴിഞ്ഞ ശരീരം പോലെ. രണ്ടടി നടക്കുകയെന്നൊക്കെ പറഞ്ഞാാല്‍ എന്തൊരദ്ധ്വാനം. ഭക്ഷണം വേണ്ട ഫോണ്‍ കാണുകയേ വേണ്ട. ഉറങ്ങാം എത്രവേണമെങ്കിലും ഉറങ്ങാം ഭാര്യ വീണ്ടും എന്നെ നോക്കുന്നു. നോട്ടത്തിന്റെ അര്‍ത്ഥം പറയാതെ തന്നെ എനിക്കു മനസിലായി എന്തൊക്കെയായിരുന്നു. വാക്‌സിന്‍, ഇമ്മ്യൂണിറ്റി, പ്രൊട്ടക്ഷന്‍, മലപ്പുറം കത്തി”…………. എന്തായാലും ഉറങ്ങിയും ജ്യൂസും പഴങ്ങളും കഴിച്ച് ഏതാനും ദിവസം ഡോക്ടറും കുടുംബവും കഴിച്ചുകൂട്ടി. ശരീരത്തിന്റെ വേദനകുറഞ്ഞുതുടങ്ങി.
ഡോക്ടര്‍ തുടരുന്നു. “അപ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങുന്നു. ഫോണിന്റെ അങ്ങേതലക്കല്‍ “ഹോള്‍ഡ് ചെയ്യണേ ഒന്ന് സിഎംന് കൊടുക്കാം” ചാടിയെഴുന്നേറ്റ് ഫോണ്‍ അറ്റന്റ് ചെയ്‌തു” ഡോക്ടര്‍ക്ക് എങ്ങനെയുണ്ട്, രണ്ടുഡോസ് വാക്‌സിനും എടുത്തതല്ലെ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല.” സാക്ഷാല്‍ മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുഫലം അറിഞ്ഞ് പത്രസമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂര്‍ ആകുന്നേയുളളു. അതിനിടയില്‍ എത്രപേരോട് സംസാരിക്കാനുണ്ടാവും എത്രഫോണ്‍ വിളികള്‍ വരുന്നുണ്ടാവും അതിനിടയില്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഒത്തിരി ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി കണ്ട പരിചയമേ ഉളളു. ഇനികോവിഡ് എന്‍ഫലൈറ്റിസ് വല്ലതും ? Orientation to place, time, person ഒക്കെ സ്വയം ചെക്കുചെയ്‌തു. കോണ്‍ഷ്യസ് ആണ് ഓറിയന്റഡുമാണ്. അപ്പോ സംഭവം ഉളളതുതന്നെ. ഫോണ്‍ വെച്ച ഉടന്‍ ഉമ്മയെ വിളിച്ചു. ” അതേയ് മുഖ്യമന്ത്രി വിളിച്ച് രോഗവിവരം ചോദിച്ചു.” ” ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നില്ലേ?” ഉമ്മക്ക് വലിയ അത്ഭുതം ഒന്നും ഇല്ല. “ആശ്വാസം ഉണ്ടോന്നോ, ആവേശം തോന്നുന്നുണ്ട് ഒരു ധൈര്യവും. ഒരുകാര്യം മനസിലായി…. വെറുതെയല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്.”

