തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 04/05/21 ചൊവ്വാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് മിനി ലോക്ക്ഡൗണ്‍. നിലവിലെ വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മുതല്‍ ഒന്‍പതാം തിയതി വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ വരുന്നത്. ഈ ദിവസങ്ങളില്‍ ദീര്‍ഘദൂര ബസ് യാത്രകള്‍ക്കും, ട്രെയിന്‍, വിമാന യാത്രകള്‍ക്കും തടസ്സമുണ്ടാകില്ല.
പൊതുഗതാഗതം, ചരക്കുനീക്കം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനയാത്രയും, ഓട്ടോ ടാക്‌സി സര്‍വീസും അനുവദിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബാങ്ക് ഇടപാടുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാകും. ഇടപാടുകാര്‍ ഇല്ലാതെ 2 വരെ തുടരാം.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. നിലവിലുള്ള രാത്രി കാല കര്‍ഫ്യൂവും തുടരും. രാത്രി 9 മണിക്ക് തന്നെ എല്ലാ സ്ഥാപനങ്ങളും അടക്കണം എന്നാണ് നിര്‍ദേശം. അനാവശ്യമായി ആരുംതന്നെ നിരത്തുകളില്‍ ഇറങ്ങാനും പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.