കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി ‘തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നു’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് 03/05/21 തിങ്കളാഴ്ച സുപ്രീം കോടതി ഇങ്ങനെ പരാമർശിച്ചത്. ‘കോടതികളിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ പൂർണ്ണമായി റിപ്പോർട്ട് ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞു.

‘മാധ്യമങ്ങൾ കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ പുറത്തേക്ക് എത്തിക്കുന്നവരാണ്. ഞങ്ങളുടെ വിധിന്യായങ്ങൾ മാത്രമല്ല, അവിടെ നടക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും സംഭാഷണങ്ങളും എല്ലാം പൗരന്മാരെ സംബന്ധിച്ചിടത്തോളം താല്പര്യമുണ്ടാക്കുന്നതാണ് ‘ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.

കോടതികളുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്ന രീതി ഹൈക്കോടതി വിലക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. എന്നാൽ കൊവിഡ് പ്രൊട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ച് റാലികള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേതുടർന്നാണ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം