മുൻമന്ത്രിയും കേരള കോൺഗ്രസ് ബി ചെയർമാനും നടൻ കെബി ഗണേഷ് കുമാറിന്റെ അച്ഛനുമായ ആർ ബാലകൃഷ്ണ പിള്ള വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ 3.5.2021 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മകൻ കെബി ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.
ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന രീതിയിൽ എല്ലാവർക്കും പരിചയമുള്ള ബാലകൃഷ്ണപിള്ള മകന് മുൻപേ അഭിനയത്തിലേക്ക് ചുവടുവച്ച ഒരു നടൻ കൂടിയാണ്. പഠിക്കുന്ന കാലത്ത് നാടകങ്ങളോട് ഇഷ്ടം ഉണ്ടായിരുന്നു. ബാലകൃഷ്ണ പിള്ള ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും പിന്നിട് അടുത്ത സുഹൃത്തായ കലാനിലയം കൃഷ്ണൻ നായർ നിർമ്മിച്ച എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത നീല സാരിയിൽ ഒരു വേഷം ചെയ്തു കൊണ്ട് വെള്ളിത്തിരയിലേക്ക് എത്തുകയും ചെയ്തു. അതിനുശേഷം കൊട്ടാരക്കര എംഎൽഎ ആയിരിക്കുന്ന സമയത്ത് സംവിധാനം ചെയ്ത ഇവൾ നാടോടി എന്ന ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.
പിന്നീട് രാഷ്ട്രീയത്തിൽ മുഴുവൻ സമയവും സജീവമായിരുന്ന അദ്ദേഹം 1980 ൽ കെ ശിവദാസ് സംവിധാനം ചെയ്ത വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ ക്യാമറയ്ക്കു മുന്നിൽ എത്തിയെങ്കിലും പൂർണ്ണമായും രാഷ്ട്രീയ തിരക്കുകളിൽ സജീവമായതോടെ അദ്ദേഹം സിനിമാ രംഗം വിടുകയായിരുന്നു.
എന്നാൽ ഇപ്പോൾ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാതെയാണ് അച്ഛൻ യാത്രയായിരിക്കുന്നത്. അച്ഛന്റെ സംഭവബഹുലമായ ജീവിതം പകർത്തുന്ന ഒരു ഡോക്യുമെന്ററിയിലൂടെ അച്ഛനു മുന്നിൽ സ്റ്റാർട്ട് ആക്ഷൻ പറയാനുള്ള ഒരുക്കത്തിലായിരുന്നു ഗണേശ്. വർഷങ്ങളായി സിനിമാരംഗത്തുള്ള തന്റെ ആദ്യ സംവിധാന സംരംഭം ഇതായിരിക്കുമെന്ന് കഴിഞ്ഞവർഷമാണ് ഗണേശ് പ്രഖ്യാപിച്ചിരുന്നത്.
അച്ഛന്റെ രാഷ്ട്രീയ ജീവിതവും ആറര പതിറ്റാണ്ട് കാലത്തെ എൻഎസ്എസ് പ്രവർത്തനവും അടങ്ങുന്ന രണ്ട് ഡോക്യുമെന്ററികളായിരുന്നു ഗണേഷിന്റെ മനസ്സിലുണ്ടായിരുന്നത്. കോവിഡും lockdown കാരണം ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല .

