കോഴിക്കോട്: കിടപ്പു രോഗികൾക്കും വയോധികർക്കുമായ കോർപ്പറേഷന്റെ സഞ്ചരിക്കും വാക്സിനേഷൻ വാഹനം ജില്ലാ കലക്ടർ ആർ.സാംബശിവ റാവു ഫ്ലാഗ് ഓഫ് ചെയ്തു. മൊബൈൽ വാക്സിനേഷൻ മറ്റിടങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് കലക്ടർ പറഞ്ഞു.
കുത്തിവയ്പെടുത്താൽ അര മണിക്കൂർ നിരീക്ഷണമെന്ന വ്യവസ്ഥ പാലിക്കാൻ വാഹനത്തിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിയിട്ടുണ്ട്. വാക്സിനെടുത്ത് കഴിഞ്ഞാലും കുറച്ചുനേരം ഡോക്ടറും നഴ്സുമടങ്ങുന്ന മൊബൈൽ യൂണിറ്റിലെ സംഘം സമീപ ഇടങ്ങളിൽ തുടരും. 80 വയസ് കഴിഞ്ഞവർക്കും വാക്സിൻ ലഭ്യത അനുസരിച്ച് മുൻഗണനാക്രമത്തിൽ പ്രതിരോധം നടപ്പാക്കും.
പാലിയേറ്റീവ് കെയർ സൊസൈറ്റി സിറ്റി യൂണിറ്റാണ് വാഹനവും ഡോക്ടർമാരെയും നൽകുന്നത്. വാക്സിൻ കൈമാറുന്നതിനൊപ്പം കോർപ്പറേഷൻ ആരോഗ്യവിഭാഗം പ്രവർത്തകരും പങ്കാളികളാകും. കൗൺസിലർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വാക്സിൻ നൽകേണ്ടവരെ കണ്ടെത്തുന്നത്.
ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ ജയശ്രീ , കോർപ്പറേഷൻ സെക്രട്ടറി യു വി ബിനി, തുടങ്ങിയവർ പങ്കെടുത്തു.

