കല്‍പ്പറ്റ: വയനാട്ടിലെ വനയോര ഗ്രാമങ്ങളിലെ ജീവിതം വെല്ലുവിളിയായി മാറുന്നു. കോവിഡിനൊപ്പം വന്യമൃഗങ്ങളും ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. ചക്കപ്പഴം തേടിയെത്തുന്ന ആനകളാണ് നാടിന് ഭീഷണിയായി തീരുന്നത്. ചക്കപ്പഴത്തിന്റെ കാലത്താണ് ആനകള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. ഏറ്റവും ഒടുവില്‍ 29.4 2021 ലാണ് നാട്ടിലിറങ്ങിയ ഒറ്റയാന്‍ വീടുതകര്‍ത്തത്.
കാവുങ്കല്‍ ഖദീജയുടെ വീടാണ് കാട്ടാന തകര്‍ത്തത്. 29.4 2021 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഈ സമയത്ത് വീടിനകത്ത് ആളുകളുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെളുപ്പിന് രണ്ടരയോടെ വനവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും ആന തിരിച്ച് കാട്ടിലേക്ക് കയറിയിരുന്നു.
രാവിലെ വീട്ടിലെത്തിയ വനപാലക സംഘം വീടിന്റെ തകര്‍ന്ന ഭാഗം നന്നാക്കി നല്‍കി. പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കാന്‍ പട്രോളിംഗ് ശക്തമാക്കണമെന്ന് വനം വകുപ്പിനോട് ജനങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം തമിഴ്‌നാട്ടില്‍ ജനവാസ പ്രദേശങ്ങളിലേക്ക് ആനയിറങ്ങാതിരിക്കാന്‍ വനം വകുപ്പുതന്നെ ചക്കയെല്ലാം വെട്ടി നശിപ്പിക്കുകയാണ് . പച്ചച്ചക്കവരെ വെട്ടി നശിപ്പിക്കുന്നുണ്ട. കാട്ടാനകള്‍ പുരയിടത്തിലേക്കെത്തുന്നത് ഏതുവിധത്തിലും തടയുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞമാസം കാട്ടാനകള്‍ രണ്ട് വീടുകള്‍ നശിപ്പിച്ചതോടൊണ് ചക്കകള്‍ നശിപ്പിക്കുകയെന്ന നിലപാട് വനം വകുപ്പ് സ്വീകരിച്ചത്.

