തൃശൂർ ജില്ലയിൽ 10 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, 2465 ജീവനക്കാർ

തൃശൂർ ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 2465 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കി. 13 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി. 

ചേലക്കര മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ ചെറുതുരുത്തി ഗവ. ഹയർ സെക്കന്ററി സ്കൂളിലും കുന്നംകുളം മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലും ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളുടെ  വോട്ടെണ്ണൽ യഥാക്രമം ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്കൂളിലും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിലും നടക്കും.

വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ വിവിധ ബ്ലോക്കുകളിലാണ് നടക്കുക.

വടക്കാഞ്ചേരി (പി ജി ബ്ലോക്ക്), ഒല്ലൂർ (ഇ ഇ ഇ ബ്ലോക്ക്), തൃശൂർ, നാട്ടിക (ആർക്കിടെക്ചർ ബ്ലോക്കുകൾ) എന്നിങ്ങനെയാണ് ഗവ.എഞ്ചിനീയറിങ് കോളേജിൽ വോട്ടെണ്ണൽ നടക്കുക. 

കൈപ്പമംഗലം മണ്ഡലത്തിലെ വോട്ടെണ്ണൽ മതിലകം സെൻ്റ് ജോസഫ്സ് എച്ച് എസ് എസിലും ഇരിങ്ങാലക്കുട മണ്ഡലത്തിലെ വോട്ടെണ്ണൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലും നടക്കും. പുതുക്കാട് മണ്ഡലത്തിലെ വോട്ടെണ്ണൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണൽ ചാലക്കുടി കാർമൽ എച്ച് എസ് എസിലുമാണ്. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ ശൃംഗപുരം ഗവ.എച്ച് എസ് എസിലും നടക്കും. 

13 നിയോജക മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ എണ്ണുന്നതിന് മൂന്ന് ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് ഒന്നു മുതൽ  3 വരെ ഹാളുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഇ വി എം എണ്ണുന്ന 41 ഹാളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്ന 23 ഹാളുകളുമടക്കം 64 ഹാളുകളാണ് ജില്ലയിൽ വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.

13 ഇടത്തും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ (ഇ വി എം)  എണ്ണുന്നതിന് 21 ടേബിളുകളുമാണ് ഉള്ളത്. എല്ലായിടത്തും കൗണ്ടിങ് സൂപ്പർ വൈസറും അസിസ്റ്റൻ്റും ഉണ്ടാകും.

 പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് 7 മുതൽ 11 ടേബിളുകളാണ് ക്രമീകരിക്കുക. ഇവിടെ കൗണ്ടിങ് സൂപ്പർവൈസറെ കൂടാതെ 2 അസിസ്റ്റൻ്റുമാരെയും നിയോഗിക്കും. 

വരണാധികാരികൾ 13 സഹ വരണാധികളെ വോട്ടെണ്ണൽ പ്രക്രിയകൾക്കായി നിയമിച്ചിട്ടുണ്ട്. 13 ഇടത്തും 156 അഡീഷണൽ എ ആർ ഒമാരും ഉണ്ടാകും. 203 മൈക്രോ ഒബ്സർ വർമാർ, 13 മണ്ഡലത്തിലും 50 ആർ ഒമാരുടെ സ്റ്റാഫുകൾ എന്നിവരുമുണ്ടാകും. ഇതിനു പുറമെ 13 ഇടത്തും 10 വീതം പോളിങ് ഏജൻ്റുമാരും ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →