ചെങ്ങന്നൂര്‍: പരിക്കേറ്റ് വഴിയില്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതിയെന്ന പേര് ചുമന്നത് 8 വര്‍ഷം. കുടശനാട് സ്വദേശി പ്രെയ്‌സ് കോട്ടേജില്‍ 57 കാരനായ മോനി വര്‍ഗീസിനാണ് ഈ ഗതികേടുണ്ടായത്. ഒടുവില്‍ 2021 മാര്‍ച്ച് 20ന് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മോനിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
2013 ജനുവരി 13ന് വൈകിട്ട് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോട്ടയത്തുനിന്ന് ഭാര്യാപിതാവിന്റെ സഹോദരിക്കൊപ്പം കാറില്‍ കുടശനാട്ടേക്ക് പോവുകയായിരുന്നു മോനി. മുളക്കുഴ ഷാപ്പ് പടിക്ക് സമീപം ആള്‍ക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ചൊരാള്‍ റോഡില്‍ കിടക്കുന്നത് കണ്ടു. പോലീസില്‍ വിവരം അറിയിച്ച ശേഷം പരിക്കേറ്റ് കിടന്നയാളെ വാനില്‍ കയറ്റി മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ഇയാള്‍ മരിച്ചു.
സ്ഥലത്തെത്തിയ പോലീസ് താന്‍ പറഞ്ഞതൊന്നും വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് മോനി പറഞ്ഞു. പോലീസ് പരുഷമായി സംസാരിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മൊബൈല്‍ ഫോണും വാച്ചും മോതിരവും പിടിച്ചുവാങ്ങി. വലിയൊരു കേസിലാണ് പെട്ടിരിക്കുന്നതെന്നും 5,000രൂപ തന്നാല്‍ വെറുതേവിടാമെന്നും പോലീസ് പറഞ്ഞുവെന്നും മോനി പറയുന്നു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് പണം നല്‍കുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ അടിക്കാന്‍ കയ്യോങ്ങിയെന്നും മോനി പറഞ്ഞു.മനപൂര്‍വമല്ലാത്ത നരഹത്യാകേസ് മോനിയുടെ പേരില്‍ ചുമത്തി . അലക്ഷ്യമായി കാറോടിച്ച് കാല്‍നടക്കാരനെ ഇടിച്ചുകൊന്നുവെന്നായിരുന്നു ആരോപണം. കൃത്രിമ തെളിവുകളും മരിച്ചയാളിന്റെ സഹോദരനെ സാക്ഷിയെന്ന നിലയിലും പോലീസ് അവതരിപ്പിച്ചു.
ഇപ്പോള്‍ കളളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി .

