മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ രാഷ്ട്രീയ കേരളം.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിവിധ കക്ഷി നേതാക്കളും പ്രകാശിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഠിനാധ്വാനിയും സൗമ്യനുമായ നേതാവിനെയാണ് നഷ്ടമായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമെന്ന് എ കെ ആന്റണി പറഞ്ഞു. സർവ്വ സ്വീകാര്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അവിശ്വസനീയ വാർത്തയെന്നും കണ്ണീരോടെ വിടപറയുകയാണെന്നും നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പി വി അൻവർ പറഞ്ഞു.