ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മുകളില്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡല്‍ഹി സര്‍ക്കാര്‍ എന്നത് ഫലത്തില്‍ ലഫ്‌റ്റനന്റ് ഗവര്‍ണറായി. ഇതനുസരിച്ച് ഇനിമുതല്‍ ഏതുതീരുമാനവും കൈക്കൊളളുന്നതിന് മുമ്പ് ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടേണ്ടിവരും. കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡെല്‍ഹി (ഭേതഗതി)ആക്ട് 2021 ആണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേന്ദ്രസര്‍ക്കാര്‍ 2021 ഏപ്രില്‍ 27 ചൊവ്വാഴ്‌ച വിജ്ഞാപനം ചെയ്‌തത്, പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും ബില്ല് പാസാക്കിയത്.” ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഃഖകരമായ ദിവസം” എന്നാണ് ബില്ലുകള്‍ പാസാക്കിയ ദിവസത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വിശേഷിപ്പിച്ചത്.
ഡല്‍ഹിക്ക് പ്രത്യേക പദവി ലഭ്യമാക്കാനായി 1991 ല്‍ പാര്‍ലമെന്റ് പാസാക്കിയ ജിഎല്‍സിടിഡി നിയമമാണ് ഭേദഗതി ചെയ്‌തത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി, ലഫ്‌റ്റനന്റ് ഗവര്‍ണര്‍ മുഖേന ഭരണം പിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേജ്രിവാള്‍ ആരോപിച്ചിരുന്നു. 2015ല്‍ കേജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തി ലെത്തിയതുമുതല്‍ അന്നത്തെ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങുമായി വടംവലി തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഓരോ വിജ്ഞാപനത്തിന്റെയും നിയമസാധുത ചോദ്യം ചെയ്യപ്പെട്ടതോടെ വിഷയം ഡല്‍ഹി ഹൈക്കോടതിക്കു മുന്നിലെത്തി. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയ ഹൈക്കോടതിവിധി പിന്നീട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തി. ക്യാബിനറ്റ് തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിച്ചാല്‍ മതിയെന്നും പോലീസ് ക്രമസമാധാനം, ഭൂമി വിഷയങ്ങളിലൊഴികെ അദ്ദേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നു മായിരുന്നു കോടതി വിധി.
ലഫ്. ഗവര്‍ണരുടെ പദവി സംസ്ഥാന ഗവര്‍ണറുടേതിന് തുല്യമല്ലെന്നും ഭരണാധിപന്‍ എന്ന നിലക്ക് പരിമിതമായ പദവികള്‍ മാത്രമേ ഉളളുവെന്നും കോടതി അന്ന് പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ ലഫ്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശത്തിന്റെയും സഹായത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വിശദീകരിച്ചിരുന്നു. ഡല്‍ഹിക്കുമേല്‍ അധികാരമുറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് നടത്തിയ നടപടികളാണ് പാർലിമെന്റിലെ നിയമ ഭേദഗതിയിലെത്തിയത്. കോവിഡ് വ്യാപനത്തിനിടെ ഓക്‌സിജന്‍ വിതരണ കാര്യത്തിലടക്കം സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നത ശക്തമായതിനൊപ്പമാണ് നിയമം വിജ്ഞാപനം ചെയ്‌തിരിക്കുന്നത്. ഫലത്തില്‍ ഡെല്‍ഹിയുടെ അധികാരം നിലവില്‍ ലഫ്. ഗവര്‍ണറായ അനില്‍ ബൈജാലിന്റെ കൈകളിലായി.

