കൊച്ചി: 71-ാം വയസില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കായംകുളം രാമപുരം വീട്ടില്‍ സുധര്‍മ്മയാണ് 71-ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഏക മകന്റെ നഷ്ടപ്പെടലിന്റെ വേദന കടിച്ചമര്‍ത്തി ആ കുഞ്ഞിനെ അമ്മ നെഞ്ചോട് ചേര്‍ത്തു. സുധര്‍മ്മയുടെയും ഭര്‍ത്താവ് സുരേന്ദ്രന്റെയും ഏകമകന്‍ 35 കാരനായ സുജിത് ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. മകന്റെ വിയോഗം തളര്‍ത്തിയപ്പോഴാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനെപ്പറ്റി സുധര്‍മ്മ ചിന്തിച്ചത്. ഭര്‍ത്താവ് സുരേന്ദ്രനും ഒപ്പം നിന്നു. കൃത്രിമ ഗര്‍ഭ ധാരണം എന്ന ആശയവുമായി സുധര്‍മ്മ എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. ഇത്രയും കൂടിയ പ്രായത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വെല്ലുവിളിയാണെന്ന് അവര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ്മ ഉറച്ചുനിന്നു.
പിന്നീട് കുഞ്ഞിന് 32 ആഴ്‌ച പ്രായമായപ്പോള്‍ 2021 മാര്‍ച്ച 18ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗൈനക്കളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ജനിക്കുമ്പോള്‍ 1100 ഗ്രം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് പരിചരിക്കുകയായിരുന്നു. കുഞ്ഞിന് 1350 ഗ്രം തൂക്കമായപ്പോഴാണ് ഡോക്ടര്‍മാര്‍ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കയച്ചത്.
അത്ഭുതകരമായ ഈ ജനനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സുധര്‍മ്മയെയും കുഞ്ഞിനെയും പരിചരിച്ച ഡോക്ടര്‍മാരായ ജയറാം ശങ്കറും ,മേരി പ്രവീണും, ശ്രീലതയും, ലതാ ബാബുക്കുട്ടിയും, വിബി മേരിയും , നന്ന ചന്ദ്രനും ഒക്കെ. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുധര്‍മ്മ പറഞ്ഞു കുഞ്ഞിന് ശ്രീലക്ഷ്‌മി എന്ന് പേരിടണം.

