ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിനുകളില്‍ ഒന്നായ കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍പൂനാ വാലക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റ്ഗറി സുരക്ഷ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിആര്‍പിഎഫിനാണ് സുരക്ഷാചുമതല.
കോവിഷീല്‍ഡിന്റെ വില വര്‍ദ്ധനവിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 300 രൂപക്ക് നല്‍കാമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകാറ്റഗറി സുരക്ഷയുടെ വാര്‍ത്ത പുറത്തുവരുന്നത്. നേരത്തെ 400 രൂപ വില നിശ്ചയിച്ചിരുന്ന സ്ഥാനത്താണ് 300 രൂപയാക്കി കുറച്ചത്. ഇതുവഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനും കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുകയും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുകയും ചെയ്യാനാകുമെന്ന് പൂനാവാല ട്വീറ്റ് ചെയ്തു.
അതേസമയം സ്വകാര്യ ആശുപത്രികള്‍ക്കുളള വില അതേപടി തുടരും. മെയ് ഒന്നുമുതല്‍ 18മുതല്‍ 45 വരെയുളളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പാശ്ചാത്തലത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ഡോസിന്റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തിന്റെ മേല്‍നോട്ട ചുമതല കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ വിലകൂട്ടി വില്‍ക്കാനാവുമെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.