ആലപ്പുഴ: ആരാധനാലയങ്ങളിലെ സമൂഹ ഭക്ഷണവിതരണം ഒഴിവാക്കണം

ആലപ്പുഴ: നോമ്പുതുറയുടെ ഭാഗമായി പള്ളികളിലും  മറ്റ് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും സമൂഹ ഭക്ഷണവിതരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും സർക്കാർ നിർദേശപ്രകാരമുള്ള  കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ആരാധനാലയങ്ങളിലും‍ കൃത്യമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന, ജില്ലയിലെ മത മേലധ്യക്ഷന്മാരുടെയും മത-സമുദായ സംഘടനാ ഭാരവാഹികളുടെയും അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം ജില്ലയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്. മത മേലധ്യക്ഷന്മാരുടെയും മത സംഘടനാ ഭാരവാഹികളുടെയും ജാഗ്രതയും ഒത്തൊരുമയും സഹകരണവും ജില്ലാകളക്ടർ യോഗത്തിൽ അഭ്യർത്ഥിച്ചു.

രണ്ടാഴ്ചകൊണ്ട് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ 20 ന് മുകളിലാണ്. വരുന്ന രണ്ടാഴ്ചകൾ ജില്ലയില്‍ നിർണായകമാണെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. 
തീരപ്രദേശത്തും കുട്ടനാടും ഉൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. രോഗവ്യാപനം നിയന്ത്രിക്കുകയാണ് ജില്ലയിൽ അത്യാവശ്യമായിട്ടുള്ളത്.  എങ്കിൽ മാത്രമേ നിലവിലുള്ള നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണം നിയന്ത്രിച്ചുനിർത്താൻ കഴിയൂ എന്ന് കലക്ടർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ പരമാവധി ആൾക്കൂട്ടം ഒഴിവാക്കണം. പള്ളികളിൽ ശരീരശുദ്ധി വരുത്തുന്നതിന് പൈപ്പിൽ നിന്നുള്ള ജലം ഉപയോഗിക്കണം. ടാങ്കുകളിലെ വെള്ളം ഇതിന് ഉപയോഗിക്കരുത്. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും ഇടവേളകളിൽ കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പ് ഉപയോഗിച്ച് കഴുകി ശുദ്ധീകരിക്കുകയും വേണം.

ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള സെക്ടറല്‍  മജിസ്ട്രേറ്റുമാരോട് പരമാവധി എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ യോഗത്തിൽ അഭ്യർത്ഥിച്ചു. 
സർക്കാർ നൽകുന്ന നിർദേശങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോകാമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രായമായവർക്കും രണ്ടാമത്തെ  ഡോസ് വാക്സിന്‍ എടുക്കേണ്ടവർക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന്  പ്രാമുഖ്യം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ്കളക്ടർ എസ് ഇലക്ക്യ  എന്നിവരും സംസാരിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →