സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മരിച്ചു. മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഫെബിന് ഫിറോസ് ചികിത്സയില്‍ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്കുസമീപം ഏപ്രില്‍ 22 നായിരുന്നു അപകടം. ഉച്ചക്ക് ഒരുമണിയോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുളള ആളൊഴിഞ്ഞ ഷെഡിനുളളിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ബത്തേരി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഷെഡില്‍നിന്നും സ്ഫോടനംകേട്ട് പ്രദേശവാസികള്‍ എത്തിയപ്പോള്‍ പൊളളലേറ്റ വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടിവരുന്നതാണ് കണ്ടത്. എങ്ങനെ സ്ഫോടനം നടന്നുവെന്നോ വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എത്തിയെന്നോ ഇതുവരെ വ്യക്തതയില്ല. വെടിമരുന്നാണ് അപകടത്തിന് ഇരയാക്കിയതെന്നാണ് പ്രഥമീക നിഗമനം.
ബത്തേരിയില്‍ മുമ്പ് പടക്കവ്യാപാരം നടത്തിയിരുന്നവര്‍ രണ്ടുവര്‍ഷം മുമ്പ് വാടകയ്ക്ക ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. അവര്‍ ഉപേക്ഷിച്ചുപോയ വെടിമരുന്നില്‍ കുട്ടികള്‍ തീ കൊളുത്തുകയായിരുന്നോ എന്ന് സംശയമുണ്ട്. പ്രഥമീകാന്വേഷണത്തില്‍ ഇവിടെനിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

