കൊച്ചി: കോവിഡ് വാക്‌സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തത്കാലം ഉത്തരവ് പാസാക്കുന്നില്ലെന്ന് കോടതി 27/04/21 ചൊവ്വാഴ്ച വ്യക്തമാക്കി. പാലക്കാട് സ്വദേശി സിപി പ്രമോദാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഒരേ വാക്സിന് വിത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ വില നിയന്ത്രിക്കുവാനാവശ്യമായ നടപടികൾക്ക് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വിലയ്ക്ക് തന്നെ സംസ്ഥാനങ്ങൾക്കും വാക്സീൻ ലഭ്യമാക്കണമെന്നും വാക്സിൻ നിർമാണക്കമ്പനികൾക്ക് വില നിർണയാവകാശം നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഒരേ വാക്സിന് രാജ്യത്ത് വ്യത്യസ്ത വില ഈടാക്കുന്നതിനുളള കാരണം വ്യക്തമാക്കാൻ ചൊവ്വാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.