കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഗോവയിലെത്തിച്ചുളള തെളിവെടുപ്പ് പൂര്‍ത്തിയായി. അന്വേഷണ സംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ സേലം ബെംഗളൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യഡോങ്‌റേ മുംബൈയില്‍ നേരിട്ടെത്തി സനുമോഹന്റെ കടബാധ്യതകളെക്കുറിച്ച വിശദമായി അന്വേഷിച്ചതിനാല്‍ നേരത്തെ നിശ്ചയിച്ച മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കുകയായിരുന്നു.
ഗോവയിലെ മുരുഡേശ്വരിലാണ് 24.4.2021 ന് പ്രധാനമായും തെളിവെടുപ്പ് നടന്നത്. ഇവിടെ വച്ച ഉള്‍ക്കടലില്‍ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും ലൈഫ്ഗാര്‍ഡ് വന്ന് രക്ഷിച്ചെന്നുമുളള സനുമോഹന്റെ മൊഴികള്‍ സത്യമാണോയെന്ന് പരിശോധിച്ചു. ഗോവയില്‍ സനുമോഹന്‍ സ്ഥിരമായി പോകാറുളള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടന്നു. ഇവിടെ സനുമോഹനന് അടുത്ത സുഹൃത്തുക്കളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
മൂകാംബികയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലൂരിലെ ഹോട്ടലിലും, സനുമോഹനെ പിടികൂടാനായ കാര്‍വാര്‍ ബീച്ചിലുമാണ് ഇനി തെളിവെടുപ്പ് നടക്കുക. കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ സനുമോഹനെ ഭാര്യക്കൊപ്പം നിര്‍ത്തി വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഈ മാസം 29നാണ് സനുമോഹന്റെ കസ്റ്റഡി കാലാവധി തീരുന്നത്.

