പത്തനംതിട്ട: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഏര്‍പ്പെടുത്തി. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കാത്ത എല്ലാ ഷോപ്പുകളും, സംരംഭങ്ങളും, മാര്‍ക്കറ്റുകളും ഏറ്റവും കുറഞ്ഞത് രണ്ട് ദിവസത്തേക്ക് അടപ്പിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പോലീസും ഇത് ഉറപ്പ് വരുത്തണം. കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ തീവ്രത അനുസരിച്ച് അടച്ചിടലിന്റെ കാലാവധി തീരുമാനിക്കും.
ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ മുഖേന മാത്രമേ നടത്താവൂ.
സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന എല്ലാ മീറ്റിംഗുകളും, പരിശീലന പരിപാടികളും മറ്റ് പരിപാടികളും ഓണ്‍ലൈനായി മാത്രമേ നടത്താന്‍ പാടുളളൂ. എല്ലാ ആരാധനാലയങ്ങളും ജനങ്ങളുടെ പങ്കാളിത്തം പരമാവധി കുറച്ച് പ്രവര്‍ത്തിക്കണം. ഏറ്റവും അവശ്യം വേണ്ട കാര്‍മ്മികന്‍മാരും നടത്തിപ്പുകാരും മാത്രമേ പാടുളളു. ആരാധനകളും ആഘോഷങ്ങളും ഓണ്‍ലൈന്‍ ആക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.
എല്ലാ സര്‍ക്കാര്‍ വകുപ്പു തല പരീക്ഷകളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും രണ്ടാഴ്ച കാലത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഏപ്രില്‍ 20നും 21നും കോവിഡ് 19 പ്രോട്ടോക്കോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്‍ നടത്തും. ഏപ്രില്‍ 20 മുതല്‍ എല്ലാ ദിവസവും രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ രാത്രി നിയന്ത്രണം നിലവില്‍ വരും. ഈ സമയത്ത് അനാവശ്യമായ കൂടിച്ചേരലുകള്‍ അനുവദിക്കുന്നതല്ല. അവശ്യ സര്‍വീസുകളായ മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, പെട്രോള്‍/ഡീസല്‍ പമ്പുകള്‍, നൈറ്റ് ഷിഫ്റ്റ് ജോലിക്കാര്‍, പാല്‍, ന്യൂസ് പേപ്പര്‍, മാധ്യമങ്ങള്‍, ചരക്ക് ഗതാഗതം, പൊതുഗതാഗതം എന്നിവയെ രാത്രി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. രാത്രി ഒന്‍പതിനു ശേഷമുളള ഹോം ഡെലിവെറി അനുവദനീയമല്ല. എല്ലാ മാളുകളും സിനിമ തിയറ്ററുകളും അവരുടെ സമയക്രമം രാത്രി 7.30 ന് അടയ്ക്കുന്ന വിധം ക്രമീകരിക്കണം. ഈ അധിക നടപടികള്‍ ഇനിയുളള രണ്ടാഴ്ച കാലയളവിലേക്ക് പ്രാബല്യത്തില്‍ ഉളളതും ആവശ്യമുളള പക്ഷം ദീര്‍ഘിപ്പിക്കുന്നതുമാണ്.