യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍

ആലുവ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയിലായി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ഷാര്‍ജയില്‍ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസ് (30)നെ 18.4.2021 ഞായറാഴ്ച ഉച്ചക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പുറത്തുനിന്ന് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തെ പ്രീപെയ്ഡ് ടാക്‌സിയില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത താജുവിനൊടൊപ്പം കാത്തുനിന്ന മറ്റുരണ്ടുപേര്‍ കൂടി ബലമായി കാറിലേക്ക് കയറി .പിന്നീട് വിമാനത്താവളത്തിന് പുറത്ത് പെട്രോള്‍ പമ്പിന് സമീപം അഞ്ച് കാറുകളിലായി എത്തിയവര്‍ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂരുളള ലോഡ്ജില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് സ്വര്‍ണകടത്തുകാര്‍ തമ്മിലുളള കുടിപ്പകയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

കേരളത്തിലെ അനധികൃത സ്വര്‍ണക്കടത്ത് സംഘ തലവന്മാരുടെ ഇഷ്ടതോഴനാണ് ഇബ്രു. സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്ന കാരിയര്‍മാര്‍ വാക്കുലംഘിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ തിരികെ വാങ്ങിക്കൊടുക്കുന്ന ഇടനിലക്കാരില്‍ പ്രധാനിയാണ് ഈ ഗുണ്ടാ നേതാവ്. കേരളത്തിലെമ്പാടും ബന്ധങ്ങളും കണ്ണികളും ഉളള ഇയാള്‍ കൊച്ചിയിലിരുന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഇതുവരെ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസില്‍ അകപ്പെട്ടാല്‍ മോചിപ്പിക്കാന്‍ വന്‍സംഘം തന്നെ നിയമ നടപടികളുമായി രംഗത്തിറങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →