കൊച്ചി: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന് പുഴയിലെറിഞ്ഞ കേസിലെ പ്രതി സനുമോഹനെ സംഭവം നടന്ന ഫ്‌ളാറ്റിലും കുട്ടിയെ പുഴയിലെറിഞ്ഞ കടവിലും എത്തിച്ച് പോലീസ് തെളിവെടുത്തു. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ സനുമോഹനെ കൊണ്ടുവരുമ്പോള്‍ ശ്രീഗോഗുലം ഹാര്‍മണി ഇരട്ട അപ്പാര്‍ട്ടുമെന്റിലെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ താമസക്കാരെല്ലാം സ്ഥലത്തുണ്ടായിരുന്നു.കുഞ്ഞു വൈഗയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലില്‍ നിന്ന് അവര്‍ മോചിതരായിരുന്നില്ല. പോലീസ് വാഹനത്തില്‍ നിന്നിറക്കി ഫ്‌ളാറ്റിലേക്ക് പോയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും അവരെ നോക്കാന്‍ സനുമോഹന്‍ ധൈര്യപ്പെട്ടില്ല. ഫ്‌ളാറ്റിലെ അസോസിയേഷന്‍ സെക്രട്ടറികൂടിയായിരുന്ന സനുമോഹന്‍ മാന്യമായി പെരുമാറിയിരുന്ന ആള്‍ കൂടിയായിരുന്നു. അവര്‍ക്കിടയിലും സനുമോഹന് ഭാവഭേദമൊന്നും ഇല്ലായിരുന്നു. തെളിവെടുപ്പിനിടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കി.
20.4.2021 ചൊവ്വാഴ്‌ച രാവിലെ 10.45നാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ നിന്ന് അസിസ്‌റ്റന്റ് കമ്മീഷണര്‍ ആര്‍.ശ്രീകുമാര്‍ ,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ധനപാലന്‍, എസ്‌ഐ വി.എ ഷഫീക്ക് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘം സനുമോഹനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. 11.45ന് ഫ്‌ളാറ്റിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി . ആറാം നിലയിലെ ഫ്‌ളാറ്റിലാണ് വൈഗയെ ശ്വാസം മുട്ടിച്ചത്. ബോധം മറഞ്ഞ വൈഗയെ പുതപ്പില്‍ പൊതിഞ്ഞ് മുട്ടാര്‍ പുഴയില്‍ തളളാന്‍ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് കങ്ങരപ്പടിയില്‍ നിന്ന് എച്ച്‌എംടിറോഡിലെത്തി മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ കടവിലേക്ക് പോയി . എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് പിന്നിട്ട് പോലീസ് വാഹനം നിര്‍ത്തി .സനുമോഹന്‍ മൊബൈല്‍ ഫോണ്‍ ഈഭാഗത്ത് ഉപേക്ഷിച്ചതായി പറഞ്ഞിരുന്നു. അല്‍പ്പസമയം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പുറത്തിറക്കാതെയായിരുന്നു തെരച്ചില്‍ . പ്രതി ഒളിവിലിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചുളള തെളിവെടുപ്പ് അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് എസിപി ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ഏപ്രില്‍ 29 വരെയാണ് ഇയാള്‍ പോലീസ് കസ്‌റ്റഡിയില്‍ ഉളളത്.