മോസ്‌കോ: അന്താരാഷ്ട്ര തലത്തിലടക്കം ഉയർന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ജയിലില്‍ നിരാഹാരമിരിക്കുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാല്‍നിയുടെ ആരോഗ്യനില വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്നത്.
മൂന്ന് ആഴ്ചയായി നിരാഹാര സമരമിരിക്കുന്ന നവാല്‍നിയെ തടവുകാര്‍ക്കായുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെന്നാണ് ഏപ്രിൽ 19 ന് പുറത്തു വിട്ട പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
നവാല്‍നിയുടെ ആരോഗ്യനില ‘തൃപ്തികരമായാണ് കാണപ്പെടുന്നതെന്നും’ വിറ്റാമിന്‍ ഗുളികള്‍ കഴിക്കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു
വ്‌ളാദിമിറിലെ പീനല്‍ കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
നവാല്‍നിക്ക് ഉടന്‍ വൈദ്യ സഹായം നല്‍കണമെന്ന ആവശ്യവുമായി വിവിധ പാശ്ചാത്യ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.
കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും തനിക്ക് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നവാല്‍നി മാര്‍ച്ച് അവസാനത്തോടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയത്.
2020 ഓഗസ്റ്റില്‍ വിഷബാധയേറ്റതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത്. നവാല്‍നി വിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ച് മൂന്ന് വര്‍ഷത്തേക്ക് റഷ്യന്‍ സര്‍ക്കാര്‍ ജയിലില്‍ അടക്കുകയായിരുന്നു.

