ലക്നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്റ്റേ ചെയ്തു.
ലക്നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സ്റ്റേ.
കൊവിഡിന്റെ പെട്ടെന്നുള്ള വ്യാപനം തടയുന്നതിനായി ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ലക്നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ ഏപ്രില്‍ 26 വരെ അടച്ചിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശിച്ച കോടതി വിധി പാലിക്കുന്നതില്‍ അലംഭാവം കാട്ടിയ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടേത് ശരിയായ നടപടിയല്ലെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു.
കൊവിഡിനെതിരെ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ലോക്ക്ഡൗണ്‍ വഴി ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും യുപി സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

