കെ.എ.എസ്.ഇരട്ട സംവരണം: അധികാരമുണ്ടെന്ന് കേരളം

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ (കെ.എ.എസ്) ഇരട്ടസംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നു കേരളം സുപ്രിംകോടതിയില്‍. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ല കെ.എ.എസെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. നേരത്തേ പി.എസ്.സിയും സത്യവാങ്മൂലം നല്‍കിയിരുന്നു.ഇരട്ട സംവരണം ചോദ്യംചെയ്ത് മുന്നോക്ക സമുദായ ഐക്യമുന്നണിയടക്കം സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കു കെ.എ.എസില്‍ പ്രവേശനം ലഭിക്കാന്‍ പരീക്ഷയും അഭിമുഖവും വിജയിക്കണം. അതിനാല്‍ ഇത് പുതിയ നിയമനത്തിനു തുല്യമാണെന്നാണ് സര്‍ക്കാരിന്റെ പ്രധാന വാദം. സ്ട്രീം രണ്ടിലും മൂന്നിലും ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമന മാനദണ്ഡങ്ങള്‍, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാന്‍ സര്‍ക്കാരിനു ഭരണഘടനാ പരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് കെ.എ.എസിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണു ഹൈക്കോടതി വിധി വ്യക്തമാക്കിയത്. അതേസമയം, ഇരട്ട സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണു ഹര്‍ജിക്കാരുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →