ന്യൂഡല്‍ഹി: കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി. മെഡിക്കല്‍ ഓക്സിജനും വാക്സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് ഡോ. രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി.
കോവിഡ് ഇത്രയധികം വ്യാപിക്കാനിടയാക്കിയത് വാക്സിന്‍ വന്ന ശേഷമുള്ള ആളുകളുടെ ജാഗ്രതക്കുറവും വൈറസിന്റെ ജനിതകമാറ്റവും കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വാക്സിനേഷന്‍ തുടങ്ങുകയും കോവിഡ് നിരക്ക് കുറയുകയും ചെയ്ത ജനുവരി- ഫെബ്രവരി മാസങ്ങളില്‍ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഈ സമയത്ത് തന്നെ വൈറസിന് ജനിതകമാറ്റങ്ങള്‍ സംഭവിക്കുകയും കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ വഷളാക്കിയത് ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നു. മതപരമായും രാഷ്ട്രീയപരമായ ചടങ്ങുകളും മുറപോലെ നടക്കുന്നു. ഇവയൊക്കെ നിയന്ത്രിച്ചേ പറ്റൂ. ജീവനാണു പ്രധാനമെന്ന് മനസിലാക്കണം. മതാനുഷ്ടാനങ്ങള്‍ക്കു വിലങ്ങാകാതെയും അതേസമയം, വകതിരിവോടെയുമുള്ള നിയന്ത്രണങ്ങളാണ് ആവശ്യമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.