കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി, കുംഭമേള പ്രതീകാത്മകമാക്കണം

ന്യൂഡൽഹി: കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന്‌   പ്രധാനമന്ത്രി നരേന്ദ്രമോഡി. കുംഭമേള  പ്രതീകാത്മകമായി നടത്താനും 17/04/21 ശനിയാഴ്ച മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു.

കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും മോഡി പറഞ്ഞു. കുംഭമേളയിൽ പങ്കെടുത്ത മൂവായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസിമാർ  തന്നെ രംഗത്തെത്തിയിരുന്നു.

കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്. സന്ന്യാസിമാർ വലിയ സംഖ്യയിൽ സ്നാനത്തിന് എത്തരുതെന്നും ജുന അഖാഡയുടെ മുഖ്യപുരോഹിതൻ അഭ്യർത്ഥിച്ചു.

അന്തിമ തീരുമാനം ശനിയാഴ്ച വൈകി ഉണ്ടായേക്കും . നേരത്തെ ഏപ്രിൽ 30വരെ കുംഭമേള നടത്താനായിരുന്നു തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →