പഴയ ധാരണകൾ മാറ്റാം, കേൾവിക്കുറവായി പോലും കൊറോണ വരാം

ന്യൂഡൽഹി: പനി ,ചുമ, തലവേദന, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോടെ മാത്രമാണ് കോവിഡ് പ്രത്യക്ഷപ്പെടുക എന്ന ധാരണ തിരുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, തലവേദന, വായ ‘ഡ്രൈ’ ആയിപ്പോകുന്ന അവസ്ഥ തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ കൂടി കൊവിഡിന്റെ ഭാഗമായി കാണാറുണ്ടത്രേ. അതുപോലെ ചെങ്കണ്ണ് (കണ്ണില്‍ അണുബാധയുണ്ടായത് പോലെ കണ്ണ് ചുവക്കുക, വീക്കം വരിക, വെള്ളം വരിക) ചിലരില്‍ കൊവിഡ് ലക്ഷണമായി വന്നേക്കാം.

മറ്റ് ചിലരില്‍ കേള്‍വി പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി വരാം. കേള്‍വി കുറഞ്ഞിരിക്കുക, കേള്‍വി അവ്യക്തമാവുക, ചെവി വേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ പലതും കൊവിഡിന്റെ ഭാഗമായി സംഭവിക്കാമത്രേ.

കൊവിഡിന് രോഗിയുടെ ഉദരപ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കാന്‍ കഴിയും. കരള്‍, പാന്‍ക്രിയാസ്, പിത്താശയം എന്നീ ആന്തരീകാവയവങ്ങളെല്ലാം തന്നെ ഈ വെല്ലുവിളിയിലുള്‍പ്പെടും. ഇവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ രോഗത്തിന് സാധ്യമാണ്. ഇത് മൂലം വയറ്റിനകത്ത് ബ്ലീഡീംഗ് സംഭവിക്കാനും സാധ്യതയുണ്ട്.

കൊവിഡ് പിടിപെടുമ്പോള്‍ വൈറസ്, വായ്ക്കകത്തെ ‘ലൈനിംഗ്‌സ്’ അതുപോലെ മസില്‍ ഫൈബര്‍ എന്നിവയെ എല്ലാം ആക്രമിച്ചേക്കാം. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടാതെ വായ ‘ഡ്രൈ’ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതും ആദ്യം സൂചിപ്പിച്ചത് പോലെ അസാധാരണമായ കൊവിഡ് ലക്ഷണങ്ങളിലുള്‍പ്പെടുന്നു. നാക്ക് വെള്ളനിറത്തിലും വിള്ളലുകള്‍ കാണുന്ന തരത്തിലും മാറുന്നതും കൊവിഡ് ലക്ഷണമായി പരിഗണിക്കപ്പെടുന്നുണ്ട്. വായയെ ബാക്ടീരിയകളില്‍ നിന്ന് ഒരു പരിധി വരെ രക്ഷിച്ചുനിര്‍ത്തുന്നത് ഉമിനീരാണ്. ഇതിന്റെ അളവ് കുറയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

തീവ്രത കുറഞ്ഞ തരത്തില്‍ രോഗം ബാധിക്കുന്നവരിലാണ് അധികവും ദീര്‍ഘകാലത്തേക്ക് ലക്ഷണങ്ങള്‍ കാണുന്നതെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കടുത്ത ക്ഷീണം, ‘ബ്രെയിന്‍ ഫോഗ്’ (കാര്യങ്ങളില്‍ അവ്യക്തത), തലകറക്കം, വിറയല്‍, ഉറക്കമില്ലായ്മ, ഉത്കണ്ഠ, സന്ധിവേദന, നെഞ്ചില്‍ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. എന്തായാലും കാര്യമായ പരിചരണങ്ങളില്ലാതെ തന്നെ ഈ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →