കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകളാണെന്നും കെ. എം ഷാജി പറഞ്ഞു. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം 16/04/21 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പുറത്തിറങ്ങിയ കെ. എം ഷാജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
അനധികൃത സ്വത്തു സാമ്പാദന കേസിൽ അഞ്ച് മണിക്കൂറോളമാണ് വിജിലൻസ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്. ക്ലോസറ്റിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ചിലർ പ്രചരിപ്പിച്ചു. ക്ലോസറ്റിൽ നിന്നോ ടിവിയിൽ നിന്നോ അല്ല പണം കണ്ടെത്തിയത്. ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതിന് കൃത്യമായ രേഖകളുണ്ട്. ആധാരങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും കെ. എം ഷാജി കൂട്ടിച്ചേർത്തു.