ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റിനാണു മുംബൈയെ തോല്‍പ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബെംഗളുരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു . അവസാന പന്തിലാണു റോയല്‍ ചലഞ്ചേഴ്സ് വിജയ റണ്ണെടുത്തത്. മാര്‍കോ ജാന്സണ് എറിഞ്ഞ അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍. നാലാമത്തെ പന്തില്‍ എ.ബി.ഡിവിലിയേഴ്സ് (27 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 48) റണ്ണൗട്ടായി. അഞ്ചാം പന്ത് നേരിട്ട മുഹമ്മദ് സിറാജ് ഒരു റണ്ണെടുത്തതോടെ സ്കോര്‍ തുല്യനിലയായി. അവസാന പന്ത് നേരിട്ട ഹര്‍ഷല്‍ പട്ടേല്‍ (മൂന്ന് പന്തില്‍ നാല്) വിജയ റണ്ണുമെടുത്തു. 160 റണ്ണെടുക്കാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി വാഷിങ്ടണ്‍ സുന്ദറും (16 പന്തില്‍ 10) നായകന് വിരാട് കോഹ്ലിയുമാണ് (29 പന്തില്‍ 33) ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ക്രുനാല്‍ പാണ്ഡ്യ സുന്ദറിനെ ക്രിസ് ലിന്നിന്റെ കൈയിലെത്തിച്ച് ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു. മൂന്നാമനായി ഇറങ്ങിയ രജത് പാടിയാറിനെ (എട്ട്) ട്രെന്റ് ബോള്‍ട്ട് ബൗള്‍ഡാക്കി.അവസാന ഓവറുകളില്‍ ഇരുടീമിനും ജയസാധ്യത ഉണ്ടായിരുന്നു. ഡിവില്ലിയേഴ്സ് -കൈല്‍ ജാമിസണ് ജോഡിയാണ് ആര്‍സിബിയുടെ രക്ഷയ്ക്കെത്തിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ, ജാന്സെന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആര്‍സിബിയ്ക്കായി രജത് പതിധര്‍, മാക്സ്വെല് എന്നിവര്‍ അരങ്ങേറി.മുംബൈയുടെ ഓപ്പണര്‍ ക്രിസ് ലിന് (35 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 49), സൂര്യകുമാര്‍ യാദവ് (23 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 31), ഇഷാന് കിഷന് (23 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 28) ഒഴികെയുള്ളവര്‍ നിറംമങ്ങിയതാണു താളംതെറ്റാന്‍ കാരണം. ഒരു ഘട്ടത്തില്‍ മുംബൈ 200 നടുത്ത് എത്തുമെന്നു തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍ പട്ടേല്‍ വിഘാതമായി. നാല് ഓവറില്‍ 27 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഹര്ഷലാണു റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരില്‍ മികച്ചുനിന്നത്.
കോഹ്ലിപ്പടയ്ക്ക് ജയം
