കുഞ്ചാക്കോ ബോബന്റെ നിഴലും, നായാട്ടും ഒന്നിച്ചെത്തുന്നു

ഒന്ന് സർവൈവൽ ത്രില്ലർ ആണെങ്കിൽ മറ്റേത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ . കുഞ്ചാക്കോബോബന്റെ നിഴലും നായാട്ടും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ഒന്നിച്ചെത്തുന്നു. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന നായാട്ട് ഏപ്രിൽ 8 നും അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴൽ ഏപ്രിൽ 9 നും ആണ് റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് നായാട്ട് .

ഷാഹി കബീർ തിരക്കഥയെഴുതുന്ന ഈ ചിത്രം പൊലീസ് കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ , രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒട്ടനവധി പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺബേബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോബോബനും ഷർമിള എന്ന കഥാപാത്രമായി എത്തുന്ന നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. മാസ്റ്റർ ഇസിൻ ഹാഷ്, സൈജുകുറുപ്പ്, വിനോദ് കോവൂർ, ഡോ: റോണി , അനീഷ് ഗോപാൽ, സിയാദ് യദു , സാദിഖ്, ദിവ്യപ്രഭ , എന്നിവരാണ് മറ്റ് അഭിനേതാക്കൾ . ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →