മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. മൂന്നാറിലെ പെരിയവര എസ്‌റ്റേറ്റില്‍ വീട്ടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തു. വാഹനങ്ങള്‍ അടക്കം കാട്ടാന പതിവായി തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി മാറിയിരിക്കുന്നതായും നഷ്ടം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ പെരിയവര എസ്‌റ്റേറ്റിലെ ഫാക്ടറി ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കാട്ടാന തകര്‍ത്തത്. പെരിയവര എസ്‌റ്റേറ്റ് ജീവനക്കാരനായ എഡ്വേര്‍ഡിന്റെ മകന്‍ രാജയുടെ ഓട്ടോറിക്ഷയാണ് ആന തകര്‍ത്തത്. വീടിന് സമീപത്തുണ്ടായിരുന്ന ഡിഷ് ആന്റിനയും വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കൃഷികളും ആന നശിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാട്ടാന തകര്‍ക്കുന്ന നാലാമത്തെ ഓട്ടോറിക്ഷയാണിത്. നാലുമാസങ്ങള്‍ക്കുമുമ്പ് ഇതേ എസ്റ്റേറ്റിലെ സെന്തിലിന്റെ ഓട്ടോറിക്ഷ കാട്ടാന നശിപ്പിച്ചിരുന്നു.
പെരിയവരെക്ക് പുറമേ മറ്റ് എസ്റ്റേറ്റുകളിലും സമാനമായ രീതിയില്‍ കാട്ടാനകള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് പതിവായിരിക്കുകയാണ് . കാട്ടാനകള്‍ നാട്ടിലിറങ്ങി വിഹരിക്കുമ്പോഴും ബന്ധപ്പെട്ട വകുപ്പുകളോ ഉദ്യോഗസ്ഥരോ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയരുന്നു. വാഹനങ്ങള്‍ തകര്‍ത്തിട്ട് വര്‍ഷങ്ങളായിട്ടും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് വാഹന ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ മൂന്നാറില്‍ മാത്രം മൂന്ന് ഓട്ടോകളും ഒരു കാറുമാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.
തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷ തകര്‍ക്കുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ വരുമാന മാര്‍ഗം നിലച്ചുപോകുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികള്‍.

