മര്‍ദ്ദകര്‍ക്ക് മര്‍ദ്ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരം മാത്രമാണെന്ന് അബ്ദുള്‍നാസര്‍ മഅദനി

കോഴിക്കോട്: വരേണ്യ വര്‍ഗത്തിനും , അവരുടെ വിനീത വിധേയര്‍ക്കും മുന്നില്‍ സഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും ‘അപകടകാരികള്‍’ ആയിരുന്നുവെന്ന് അബ്ദുള്‍നാസര്‍ മഅദനി. മര്‍ദ്ദകര്‍ക്ക് മര്‍ദ്ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ തൂക്കുമരം മാത്രമാണെന്നും വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുമെന്നും അതിനും ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയായ ആളെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. മഅദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി ആയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേ പരാമര്‍ശിച്ചു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിക്കുന്നിനിടെയാണ് ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം. ഹര്‍ജി കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

2014 ജൂലായിലാണ് സുപ്രീം കോടതി മദനിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബംഗ്ളൂരുവില്‍തന്നെ തുടരണം എന്ന് വ്യവസ്ഥ കോടതി അന്ന് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബാഗ്ളൂര്‍ നഗരത്തിന് പുറത്തേക്ക് പോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥക്ക് ഇളവ് വേണമെന്നും കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആണ് മഅദനിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

ഒച്ചിഴയുന്ന വേഗത്തിലാണ് ‌വിചാരണയുടെ പോക്കെന്നും ബാംഗ്ളൂരിലെ വിചാരണ കോടതിയില്‍ ജഡ്ജിയും ഇല്ലെന്നും ആരോഗ്യ അവസ്ഥയും ബാംഗളൂരില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദനിയുമായി ബന്ധപ്പെട്ട ഒരു കേസ് താന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്ത് പരിഗണിച്ചിരുന്നോ എന്ന് സംശയമുളളതായി ചീഫ് ജസ്റ്റീസ് ബോബ്‌ഡെക്കൊപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റീസ് വി.രാമ സുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് മഅദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →