തൊടുപുഴ : ഷോർട്ട് ഫിലിമുകളിൽ അധികം ഷോർട്ട് അല്ലാത്ത ഷോർട്ട് ഫിലിമുകൾ എടുത്ത് യുവാവിന്റെ ജൈത്രയാത്ര തുടരുന്നു. അരിക്കുഴ സ്വദേശിയായ നകുൽ നൈജോയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിമുകൾ എടുത്ത് അഭിമാനമായി മാറുന്നത്. ഇതുവരെ മൂന്ന് ഷോർട്ട് ഫിലിമുകൾ ആണ് ഇവർ ചെയ്തിട്ടുള്ളു വെങ്കിലും ഇതിനോടകം തന്നെ ഈ യുവാക്കൾ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയ്ക്ക് നകുൽ സംവിധാനം ചെയ്തു നാഗം എന്ന മ്യൂസിക്കൽ ആൽബത്തിന് രണ്ട് പ്രമുഖ അവാർഡുകളും കരസ്ഥമാക്കി.
തൊട്ടുതീണ്ടായ്മയുടെ കാലത്ത് താഴ്ന്ന ജാതിക്കാർ ശാസ്ത്രീയനൃത്തം പഠിച്ചാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആവിഷ്കരിച്ചുകൊണ്ട് എടുത്ത ചിത്രത്തിന് ഒ എ ബി എം ലോഹിതദാസ് ഫിലിം അവാർഡും തിരുവനന്തപുരം ഐഎഫ്എം അവാർഡും ലഭിച്ചിരുന്നു. അതിനുശേഷം ഇപ്പോഴിതാ ഏഴാം രാവ് എന്ന പേരിൽ മറ്റൊരു ഷോർട്ട് ഫിലിമുമായി സംഘം രംഗത്തെത്തിയിരിക്കുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നകുലാണ് നിർവ്വഹിച്ചത്. പൗരാണിക കാലത്തെ ഒരു ഗ്രാമത്തിന്റ കഥ പറയുന്ന ഫാൻറസി ജോണറിലുള്ള ഈ ചിത്രത്തിന്റെ നിർമ്മാണം അവ നീർ ടെക്നോളജിസിന്റെ ബാനറിൽ ഇർഷാദ് എം ഹസനാണ്. നാലുദിവസം മുൻപ് യൂട്യൂബിൽ നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ ലോഞ്ചിംഗ് നിർവഹിച്ചത്.
നടി അനു സിത്താരയും സംവിധായകൻ ഒമർ ലുലുവും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചിരുന്നു.
ചായാഗ്രഹണം അഖിൽ കൃഷ്ണ, സംഗീതസംവിധാനം ജൂവൽ വി സുകുമാരൻ , എഡിറ്റിംഗ് ജോബി എം ജോസ് , അസോസിയേറ്റ് ഡയറക്ടർ ഡാനിറ്റ് ജോർജ് . രചന എൻ എസ് അഭിജിത്ത് എന്നിവർ നിർവ്വഹിക്കുന്നു.
പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ കോളേജിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ നകുൽ രണ്ടുവർഷംമുമ്പ് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ ഷോട്ട് ഫിലിം ആയ തേന്മഴ ചെയ്യുന്നത്. കാറ്റസ് ട്രോഫീസ് എന്ന ഒരുപറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇതിന് പ്രചോദനം നൽകിയത്. ഇപ്പോഴും ശക്തമായ ഈ കൂട്ടായ്മ ഷോർട്ട് ഫിലിം സ്വപ്നങ്ങളുമായി നടക്കുന്നവരെ സഹായിക്കുന്നുണ്ട് എന്നും നകുൽ പറയുന്നു.
അരിക്കുഴ പള്ളിത്തറ നൈജോയുടെയും സിനിയുടെയും മൂത്തമകനാണ് നകുൽ . പ്ലസ് വൺ വിദ്യാർത്ഥിയായ നീള സഹോദരിയാണ്.

