കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. സനുവിനെ കണ്ടെത്താൻ പൊലീസ് 03/04/21ശനിയാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേരളത്തിലും പത്ര-ദൃശ്യ മാധ്യമങ്ങൾ വഴിയും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആൾത്തിരക്കുള്ള കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയിൽ വിശദാംശങ്ങളും പരസ്യപ്പെടുത്തും. കാറിനെപ്പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്നും നോട്ടീസിലുണ്ട്. ചെന്നൈയിലും പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കേരളത്തിൽ നിന്നും പുറത്തു കടക്കാൻ ഉപയോഗിച്ച സ്വന്തം കാർ ഇയാൾ പൊളിച്ചു വിറ്റതായി സൂചനയുണ്ട്. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടത്തെ പഴയ കാർ വർക്ഷോപ്പുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സനുവുമായി ബന്ധമുള്ള ആരെയും ഫോൺ രേഖകളുടെ പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. പുണെയിൽ സനുവുമായി കേസുള്ള വ്യക്തികളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ക്വട്ടേഷൻ സംഘം തന്നെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഭയം സനുവിന് ഉണ്ടായിരുന്നതായി പൊലീസിനു സൂചന കിട്ടിയിരുന്നു.
അതേ സമയം വീട്ടിൽ നിന്നു ലഭിച്ച ചോരക്കറ വൈഗയുടേതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

