തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ 01/04/21 വ്യാഴാഴ്ച ഉച്ചയോടെ ആര്യനാട്ടുവച്ചായിരുന്നു അപകടം. കോൺഗ്രസ് പ്രവർത്തകനായ ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്.
പ്രദീപ് ബൈക്കിൽ സഞ്ചരിക്കവെ റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറക്കുകയും ഇതിലിടിച്ച് നിലത്തുവീഴുകയുമായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. പ്രചാരണത്തിനെത്തിയവരുടേതാണ് കാർ എന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.