ലൊസാഞ്ചലസ്: കലിഫോര്‍ണിയയിലെ ഒറേഞ്ചില് വെടിവെപ്പ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. 202 ഡബ്ല്യു ലിങ്കണ് ഏവ് അവന്യുവിൽ ഏപ്രിൽ 1 പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഒറേഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെടിവെച്ചയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണിത്.

